കോഴിക്കോട്
മലബാറിന്റെ രുചിപ്പെരുമ ലോകമാകെ പരക്കുന്നു. ലോകത്തെ ഏറ്റവും മികച്ച 150 റസ്റ്ററന്റുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററന്റ്. ഇവിടുത്തെ ബിരിയാണിയാണ് രുചിപ്പട്ടികയിലെ ‘ഐകോണിക് ഡിഷ്’.
ക്രൊയേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേസ്റ്റ് അറ്റ്ലസ് ആണ് സർവേ സംഘടിപ്പിച്ചത്. ഇന്ത്യയില്നിന്ന് നാല് റസ്റ്ററന്റുകള്കൂടി ഇടംപിടിച്ചിട്ടുണ്ട്. വിയന്നയിലെ ഫിഗ്മുള്ളര്‍ ആണ് പട്ടികയില് ഒന്നാമത്.
ലോകത്തെ വിവിധ ഫുഡ് വ്ലോഗര്‍മാരുടെയും ടേസ്റ്റ് അറ്റ്ലസിന്റെ 30 പേരടങ്ങിയ ഗവേഷണ വിഭാഗവും ചേര്ന്ന് തയ്യാറാക്കിയ പട്ടിക, വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. പാരഗണിന്റെ ചെറുചരിത്രവും ബിരിയാണിയുടെ പ്രത്യേകതകളും പട്ടികയ്ക്കൊപ്പമുള്ള കുറിപ്പില് ടേസ്റ്റ് അറ്റ്ലസ് പങ്കുവയ്ക്കുന്നുണ്ട്. 1939ല് പാരഗണ്‍ ബേക്കിങ് കമ്പനി ആയിട്ടായിരുന്നു തുടക്കം. പാരഗണ്‍, സല്ക്കാര, എം ഗ്രില്, ബ്രൗണ്ടൗണ് കഫെ എന്നീ ബ്രാന്ഡുകളായി വികസിച്ചു. കേരളം, ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലായി 25 ഓളം ശാഖകളുണ്ട്. ‘കൂട്ടായ്മയുടെ ഫലമായിട്ടാണ് ഇത്തരം നേട്ടങ്ങള് തേടിയെത്തുന്നത്. കോഴിക്കോടിന്റെയും മലബാര് രുചിയുടെയും സംഭാവന ഈയവസരത്തില് എടുത്തുപറയണം’ – പാരഗണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര് സുമേഷ് ഗോവിന്ദ് പറഞ്ഞു.
അന്താരാഷ്ട്ര ട്രാവല് മാഗസിന് കോണ്ഡേ നാസ്റ്റ് 2017ല് തയ്യാറാക്കിയ ഇന്ത്യയിലെ മികച്ച റസ്റ്ററന്റുകളുടെ പട്ടികയിലും പാരഗണ്‍ ഉള്പ്പെട്ടിരുന്നു. ടൈംസ് നൗ, അമേരിക്കന് മാസിക ടൈം ഔട്ട് എന്നിവയുടെ അവാര്ഡുകളും ലഭിച്ചിട്ടുണ്ട്.