ചെർപ്പുളശേരി
സൗരയൂഥത്തില് സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില് ഒരെണ്ണം ഇനി മലയാളി ജ്യോതിശാസ്ത്രജ്ഞന് ഡോ. അശ്വിന് ശേഖറിന്റെ പേരില് അറിയപ്പെടുമ്പോൾ ചെർപ്പുളശ്ശേരിക്ക് അഭിമാന നിമിഷം.
സൂര്യന് ചുറ്റുമുള്ള “ഛിന്നഗ്രഹം 33938′ നാണ് രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന അശ്വിന്റെ പേര് നൽകിയത്. യുഎസിലെ അരിസോണയിൽനടന്ന രാജ്യാന്തരസമ്മേളനത്തിലാണ് വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ വലയം ചെയ്യുന്ന വ്യത്യസ്ത ഛിന്നഗ്രഹ മേഖലയിൽപ്പെട്ട 33938 ഗ്രഹത്തിന് അശ്വിന്റെ പേരിട്ടത്. പാരീസിൽ ഒബ്സർവേറ്ററി ഉൽക്കാ പഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് ഡോ. അശ്വിൻ ശേഖർ. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞൻ എന്നാണ് അശ്വിനെ രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന വിശേഷിപ്പിച്ചത്. 2000 ജൂണിൽ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് സൂര്യനെ വലയം വെക്കാൻ 4.19 വർഷം വേണം.
ശാസ്ത്രമേഖലയിലെ സംഭാവനകൾ അംഗീകരിച്ച് ഛിന്നഗ്രഹങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകാറുണ്ട്. സുബ്രഹ്മണ്യം ചന്ദ്രശേഖർ, സി വി രാമൻ, ശ്രീനിവാസ രാമാനുജൻ, വിക്രം സാരാഭായ് എന്നിവരുടെ പേരിലെല്ലാം ഛിന്നഗ്രഹങ്ങളുണ്ട്. സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള രണ്ടാമത്തെ മലയാളിയാണ് അശ്വിൻ.
തലശേരിക്കാരനായ വൈനു ബാപ്പുവാണ് ആദ്യമലയാളി. ചെർപ്പുളശേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു അശ്വിന്റെ സ്കൂൾ പഠനം. തിരുവനന്തപുരം എംജി കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദവും തമിഴ്നാട് വിഐടിയിൽനിന്ന് എംഎസ്സിയും ബംഗളൂരു ക്രൈസ്റ്റ് കോളേജിൽനിന്ന് എംഫിലും യുകെയിൽനിന്ന് പിഎച്ച്ഡിയും നേടി.
ബഹ്റൈനിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ചുമതലക്കാരനായ ശേഖർ സേതുമാധവൻ–- അനിത ദമ്പതികളുടെ മകനാണ്.