തിരുവനന്തപുരം
ബിജെപി കേരള ഘടകത്തിലെ പുതിയ ഗ്രൂപ്പ് പോരിന് തെളിവായി ‘ഫ്ലക്സ് യുദ്ധം’. തിങ്കളാഴ്ച തലസ്ഥാനത്തെത്തുന്ന ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ സ്വാഗതം ചെയ്യുന്ന ഫ്ലക്സുകളിലൂടെ പുതിയ ചേരി വരവറിയിച്ചു. വി മുരളീധരൻ–- കെ സുരേന്ദ്രൻ ചേരിയാണ് ‘ഔദ്യോഗികം’ എന്ന് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഈ സഖ്യം അകൽച്ചയിലായിട്ട് കുറച്ചുനാളായെന്ന് നേതാക്കൾ പറയുന്നു. ചിലയിടങ്ങളിൽ മുരളീധരനെയും ചിലയിടങ്ങളിൽ സുരേന്ദ്രനെയും ഒഴിവാക്കിയ പോസ്റ്ററുകൾ തലസ്ഥാനത്ത് നിരന്നിട്ടുണ്ട്.
മുരളീധരനുമായി അകന്ന കെ സുരേന്ദ്രന്റെയും -വി വി രാജേഷിന്റെയും നേതൃത്വത്തിലാണ് പുതിയ ചേരിയെന്ന് നേതാക്കൾ പറയുന്നു. പുതിയ ഗ്രൂപ്പിന്റെ ഫ്ലക്സിൽ മുരളീധരനു പകരം കുമ്മനം രാജശേഖരൻ ഇടംപിടിച്ചു. വി മുരളീധരന്റെ ‘വലംകൈ’ ആയാണ് കെ സുരേന്ദ്രനും വി വി രാജേഷും അറിയപ്പെട്ടിരുന്നത്. ഇവർ ഇപ്പോൾ മുരളീധരനെ ഒതുക്കാൻ ശ്രമിക്കുന്നതായാണ് സൂചനകൾ. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പല പരിപാടികളിലും വി മുരളീധരനെ പങ്കെടുപ്പിക്കാറില്ല. മുരളീധരൻ സംഘടിപ്പിച്ച പരിപാടികളിൽനിന്ന് സുരേന്ദ്രനെയും വി വി രാജേഷിനെയും ഒഴിവാക്കിയിട്ടുമുണ്ട്.
തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങളിലൊന്നിൽ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് വി മുരളീധരൻ. തിരുവനന്തപുരത്ത് ‘അപ്രതീക്ഷിത’ സ്ഥാനാർഥി വന്നാൽ മുരളീധരൻ ആറ്റിങ്ങലിലേക്ക് മാറും. കഴിഞ്ഞതവണ ആറ്റിങ്ങലിൽ മത്സരിച്ച ശോഭ സുരേന്ദ്രനെ ജില്ലയിൽനിന്ന് ഒഴിവാക്കാനാണ് നീക്കം.
മോദി സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ജെ പി നദ്ദ തിരുവനന്തപുരത്ത് എത്തുന്നത്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ പ്രവർത്തകരുടെ യോഗം ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നദ്ദയുടെ പരിപാടിക്ക് ആളെക്കൂട്ടാൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളിൽനിന്ന് വി മുരളീധരനെ ഒഴിവാക്കിയിരുന്നു.
കെ സുരേന്ദ്രനെ വീണ്ടും സംസ്ഥാന പ്രസിഡന്റ് ആക്കരുതെന്ന എതിർപക്ഷത്തിന്റെ ആവശ്യം ദേശീയ നേതൃത്വത്തിനു മുന്നിലുണ്ട്. ഈ വിഷയമുൾപ്പെടെ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയിൽ മറുവിഭാഗം നേതാക്കൾ ഉന്നയിച്ചേക്കും.