മനുഷ്യജീവിതത്തിന്റെ വസന്തകാലമാണ് വിദ്യാഭ്യാസ കാലഘട്ടം…. പൂക്കളെപ്പോലെ ചിരിച്ചും അപ്പൂപ്പൻ താടികൾപോലെ കനമില്ലാതെ പറന്നും ആനന്ദിക്കുന്ന, ആഘോഷിക്കുന്ന കാലം… അക്ഷരങ്ങളും വാക്കുകളും ഇളം കാറ്റുപോലെ വന്ന് ഓരോ കുഞ്ഞു മനസ്സുകളേയും വിശാലപ്പെടുത്തുന്ന തെളിച്ചമുള്ള കാലം. എല്ലാ മനുഷ്യരും ജീവിതാവസാനംവരെ ഓർത്തുവയ്ക്കുന്ന പല നിറങ്ങളുള്ള ഋതു… പല സാഹചര്യങ്ങളിൽ വളർന്നുവരുന്ന, വിവിധ സ്വഭാവക്കാരായ കുഞ്ഞുങ്ങൾക്ക് അറിവിന്റെ അഗ്നി പകർന്ന്, നാടിന്റെ സംസ്കാരവും ചരിത്രവും പഠിപ്പിച്ച് അഭിമാനത്തോടെ ജീവിക്കാൻ കെട്ടുറപ്പുള്ള അടിത്തറ ഒരുക്കുന്ന ജാഗ്രതയുടെ കാലം.
സ്വപ്നം കാണാനും അതിനു പിറകെ സ്വപ്നവേഗത്തിൽ കുതിക്കാനും ആർജവമുണ്ടാകുന്നത് ഈ ചെറിയ നാളുകളിലാണ്. അറിവും തിരിച്ചറിവും പ്രയോഗിച്ച് ജീവിതം കൂടുതൽ സുന്ദരവും ലളിതവുമാക്കുന്നതിന് പരിശീലനം നേടുന്നതും വിദ്യാഭ്യാസ കാലത്താണ്. പുറം കാഴ്ചകളിൽ മാത്രമല്ല, ഉൾക്കാഴ്ചയിലും പൊരുളുകളുണ്ടെന്ന് കുട്ടികൾ അറിഞ്ഞുതുടങ്ങുന്നതും പഠനകാലത്താണ്. അറിവാണ് കരുത്ത്, ഏത് ആയുധത്തേക്കാളും മൂർച്ചയുണ്ടതിന്. എല്ലാ കുഞ്ഞുങ്ങളും നിറങ്ങളുള്ള സ്വപ്നങ്ങൾ ഒരു പാട് കാണട്ടെ, ആകാശമാകട്ടെ നിങ്ങളുടെ അതിര്. ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ സ്റ്റെയ്പ്- ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും ആശംസകൾ.