ഏതൻസ്
രണ്ടുമാസത്തിനിടെ രണ്ടാം തവണയും വോട്ട് ചെയ്ത് ഗ്രീസിലെ ജനങ്ങൾ. മെയ് 21ന് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് വീണ്ടും വോട്ടെടുപ്പ് നടന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ വലതുപക്ഷ കക്ഷിയായ ന്യൂഡെമോക്രസി മുന്നിലെത്തിയെങ്കിലും സർക്കാർ രൂപീകരിക്കാനാവശ്യമായ സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസിന്റെ പാർടിയായ ന്യൂഡെമോക്രസിക്ക് 40.79 ശതമാനം വോട്ട് ലഭിച്ചെങ്കിലും (146 സീറ്റ്) കേവല ഭൂരിപക്ഷത്തിന് അഞ്ച് സീറ്റ് കുറവായിരുന്നു.
മെയ് 21ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും വർധിപ്പിച്ച് ഗ്രീക്ക് കമ്യൂണിസ്റ്റ് പാർടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 7.23 ശതമാനം വോട്ടുമായി 26 സീറ്റാണ് ഗ്രീക്ക് കമ്യൂണിസ്റ്റ് പാർടി നേടിയിരുന്നത്. ജനക്ഷേമ പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത്, പ്രതിപക്ഷ പാർടികളുടെ ഫോൺ ചോർത്തിയത്, റെയിൽവേ സർവീസ് സ്വകാര്യമേഖലയ്ക്ക് കൈമാറിയത് തുടങ്ങിയ സർക്കാർ തീരുമാനങ്ങളിൽ ഗ്രീസിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.















