മോസ്കോ
റഷ്യയിൽ സ്വകാര്യ സൈനിക സംഘം ‘വാഗ്നർ ഗ്രൂപ്പി’ന്റെ സായുധകലാപശ്രമം പാളി. സംഘം ബലാറസിലേക്ക് പിന്മാറി. മോസ്കോയ്ക്ക് 200 കിലോമീറ്റർ അകലെവച്ച് സൈന്യം പിന്മാറിയതായി വാഗ്നർ മേധാവി യെവ്ഗേനി പ്രിഗോഷിൻ അറിയിച്ചു. പ്രതിരോധമന്ത്രി സെർജി ഷൊയ്ഗുവിനെ പുറത്താക്കണമെന്ന വാഗ്നർ ഗ്രൂപ്പിന്റെ ആവശ്യത്തോട് റഷ്യന് സർക്കാർ പ്രതികരിച്ചിട്ടില്ല.
സായുധകലാപം സൃഷ്ടിച്ച് രാജ്യത്തെ തകർക്കാനാണ് റഷ്യയുടെ എതിരാളികൾ ശ്രമിക്കുന്നതെന്ന് റഷ്യൻ വിദേശ വക്താവ് മരിയ സഖറോവ പറഞ്ഞു. സംഭവത്തെ റഷ്യക്കെതിരായി നീങ്ങാനുള്ള അവസരമായി കണക്കാക്കിയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് അവര് പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ‘ശത്രുക്കൾ നമ്മുടെ ശക്തിയെയും നിശ്ചയദാർഢ്യത്തെയും പരീക്ഷിക്കുകയാണ്. നമുക്ക് ഒറ്റ നേതാവേയുള്ളൂ. സായുധകലാപശ്രമത്തിനെതിരെ യോജിച്ച് അണിനിരക്കാനാണ് പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആവശ്യപ്പെട്ടിരിക്കുന്നത്’–- മരിയ ട്വീറ്റ് ചെയ്തു.
പുടിനുമായി കൂടിയാലോചിച്ചശേഷം വാഗ്നർ ഗ്രൂപ്പുമായി ചർച്ച നടത്തിയതായി ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ വെളിപ്പെടുത്തി. കലാപശ്രമം നടത്തിയവര്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പുടിന് പ്രഖ്യാപിച്ചു. കലാപത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് തുടക്കത്തിൽത്തന്നെ പിന്മാറിയ വാഗ്നർ സംഘത്തിലെ ഒരു വിഭാഗത്തിന് കരാര് അടിസ്ഥാനത്തില് റഷ്യന് സൈന്യത്തിൽ ചേരാൻ പിന്നീട് അവസരം നൽകുമെന്ന് പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഉക്രയ്നിലെ തങ്ങളുടെ ക്യാമ്പുകൾ ആക്രമിച്ചത് പ്രതിരോധമന്ത്രിയുടെ അറിവോടെയാണെന്ന് ആരോപിച്ചാണ് പ്രിഗോഷിൻ കലാപനീക്കം തുടങ്ങിയത്. റൊസ്തോവ് സൈനിക ആസ്ഥാനം പിടിച്ചെടുത്ത വാഗ്നർ സൈനികർ മോസ്കോയ്ക്ക് 360 കിലോമീറ്റർ അടുത്തുവരെ എത്തിയിരുന്നു. ആക്രമണം നേരിടാനായി ഒരുങ്ങിയിരിക്കുകയായിരുന്നു മോസ്കോ. റെഡ് സ്ക്വയർ അടച്ചു. ജനങ്ങളോട് നിരത്തിലിറങ്ങരുതെന്ന് നിർദേശിച്ചു. കലാപനീക്കം ഒഴിവായതിനെത്തുടർന്ന് റൊസ്തോവിൽ നേരത്തേ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണങ്ങൾ ഒഴിവാക്കിയതായി സൈന്യം ഞായറാഴ്ച അറിയിച്ചു.















