സൂറിച്ച്
ഫുട്ബോൾ ലോകം ഇനി അമേരിക്കയ്ക്കുചുറ്റും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടക്കുന്ന പ്രധാന ഫുട്ബോൾ മഹാമേളകൾക്ക് അമേരിക്ക വേദിയാകും. 2025ലെ ക്ലബ് ലോകകപ്പിന് അമേരിക്ക വേദിയാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അറിയിച്ചു. ആദ്യമായി, 32 ടീമുകൾ പങ്കെടുക്കും. 2024ൽ നടക്കുന്ന കോപ അമേരിക്ക ഫുട്ബോളിനും വേദിയാണ്. 2026ലെ ഫിഫ ലോകകപ്പ് ഒരുക്കുന്നത് അമേരിക്കയും മെക്സിക്കോയും ക്യാനഡയും ചേർന്നാണ്. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി ചേക്കേറിയിരിക്കുന്ന ഇന്റർ മയാമി ക്ലബ്ബും അമേരിക്കയിലാണ്.
രണ്ടുവർഷത്തിൽ ഒരിക്കലാണ് ക്ലബ് ലോകകപ്പ്. ഈ ഡിസംബറിൽ സൗദിയിൽ നടക്കുന്ന ലോകകപ്പിൽ ഏഴ് ടീമുകളാണ് പങ്കെടുക്കുന്നത്. ടീമുകളുടെ എണ്ണം ഉയർത്തുന്നതോടെ യൂറോപ്യൻ ക്ലബ്ബുകൾക്കാണ് നേട്ടം. 12 ക്ലബ്ബുകൾക്ക് അവസരമൊരുങ്ങും. ലാറ്റിനമേരിക്കയിൽനിന്ന് ആറ് ക്ലബ്ബുകൾക്കും ഏഷ്യ, ആഫ്രിക്ക, കോൺകാകഫ് മേഖലയിൽനിന്ന് നാല് ടീമുകൾക്കുവീതവും അവസരമുണ്ടാകും. ആതിഥേയരായ അമേരിക്കയ്ക്ക് ഒരു ക്ലബ്ബിനെ പങ്കെടുപ്പിക്കാം.
ക്ലബ് ലോകകപ്പ് 2025 ജൂണിലും -ജൂലൈയിലുമാണ്. ഫിഫ ലോകകപ്പിന് ഒരുവർഷം ബാക്കിയുള്ളപ്പോൾ നടക്കുന്ന ടൂർണമെന്റ് അവസാനവട്ട ഒരുക്കത്തിനുള്ള അവസരംകൂടിയാകും. 32 ടീമുകൾ എട്ട് ഗ്രൂപ്പായി മത്സരിക്കും. ഗ്രൂപ്പ് ചാമ്പ്യൻമാർ ക്വാർട്ടറിലേക്ക് മുന്നേറും. ആകെ 56 കളികൾ ഉണ്ടാകും.