ന്യൂഡൽഹി
ഇന്ത്യ ഒരു വലിയ ജയിലായി മാറിയ അടിയന്തരാവസ്ഥയുടെ 48–-ാം വാർഷികത്തിൽ രാജ്യം നേരിടുന്നത് അമിതാധികാരപ്രയോഗ ഭരണത്തിന്റെ ഭീഷണി. 1975 ജൂൺ 25ന് അർധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 1977 മാർച്ച് 21 വരെ നീണ്ടു. 21 മാസത്തെ അടിയന്തരാവസ്ഥയും മോദിസർക്കാരിന്റെ ഒമ്പതു വർഷവും തമ്മിൽ സാമ്യമേറെ. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി നിയമപരമായ ഉത്തരവാദിത്വമില്ലാതെ അധികാരം പ്രയോഗിച്ചു. ഇന്ന് ആർഎസ്എസും കോർപറേറ്റുകളും ഒളിഞ്ഞും തെളിഞ്ഞും സർക്കാരിനെ നിയന്ത്രിക്കുന്നു. ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും എതിരായിരുന്നു അടിയന്തരാവസ്ഥ. ചേരി ഒഴിപ്പിക്കലും നിർബന്ധിത വന്ധ്യംകരണവും മുഖമുദ്രയായി. ഇപ്പോൾ മോദിസർക്കാർ ന്യൂനപക്ഷവിരുദ്ധതയുടെയും ദരിദ്രരെ ഞെരുക്കുന്നതിന്റെയും പ്രതീകമാണ്. സർക്കാരിന്റെ സാമ്പത്തിക, സാമൂഹ്യനയം രാജ്യത്ത് ദാരിദ്ര്യം വീണ്ടും വർധിപ്പിക്കുന്നതാണ്. സാമൂഹ്യ അസമത്വം പെരുകുന്നു. ആഗോള പട്ടിണിസൂചികയിൽ രാജ്യം കൂടുതൽ പിന്നോട്ടുപോയി.
അടിയന്തരാവസ്ഥയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം ഭീതി പടർത്തലായിരുന്നു. ഭയപ്പെടുത്തിയാണ് ജനങ്ങളെ നിശ്ശബ്ദരാക്കിയത്. ചോദ്യംചെയ്തവരെ ജയിലിൽ അടച്ചു. മോദിസർക്കാരും ഈ പാതയിലാണ്. മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും ധൈഷണികരെയും കേസിൽ കുടുക്കി പീഡിപ്പിക്കുന്നു. ആദിവാസികളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡിമരണം രാജ്യത്തിന് തീരാകളങ്കമായി. സർക്കാരിന് സംശയമുള്ളവരെ നിരീക്ഷിക്കാൻ പെഗാസസ് ചാരസോഫ്റ്റ്വെയർ ഉപയോഗിച്ചുവെന്ന ആരോപണമുണ്ടായി. ബഹുഭൂരിപക്ഷം മാധ്യമങ്ങളും അടിയന്തരാവസ്ഥയിൽ ഇന്ദിരസർക്കാരിനു മുന്നിൽ മുട്ടുകുത്തി.
ഇപ്പോഴാകട്ടെ കോർപറേറ്റ് നിയന്ത്രണത്തിലായ മാധ്യമങ്ങൾ ജനങ്ങളുടെ വിഷയം ചർച്ചചെയ്യാതെ മോദിസർക്കാരിന്റെ അജൻഡയെ പ്രോത്സാഹിപ്പിക്കുന്നു. ചെറുത്തുനിൽപ്പിന് തയ്യാറാകുന്ന മാധ്യമങ്ങളെ വേട്ടയാടുന്നു.