കൊച്ചി
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ ഡോ. പ്രിയ വർഗീസിന് യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ വിധി മാധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതിക്കെതിരെ ശക്തമായ വിമർശമാണ് രേഖപ്പെടുത്തിയത്. വ്യക്തികളുടെ അന്തസ്സിനെ മാനിക്കാത്ത മാധ്യമപ്രവർത്തനം ആപൽക്കരമാണെന്നും കേസ് പരിഗണിക്കുന്ന വേളയിലെ ജഡ്ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത് അന്യായമായ വ്യാഖ്യാനം നടത്തി കക്ഷികളുടെ യശസ്സിന് ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിധിന്യായത്തിന് അനുബന്ധമായി പോസ്റ്റ് സ്ക്രിപ്റ്റ് എന്ന തലക്കെട്ടിൽ 34, 35, 36 ഖണ്ഡികകളിലായാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവരുടെ നിരീക്ഷണങ്ങൾ.
വിധിന്യായത്തിലെ 34, 35, 36 ഖണ്ഡികകളുടെ പരിഭാഷ ചുവടെ
34) ഈ കേസ് അവസാനിപ്പിക്കുന്നതിനുമുമ്പ്, ഈ കേസിന് ലഭിച്ച മാധ്യമശ്രദ്ധ കണക്കിലെടുത്ത് കുറച്ച് നിരീക്ഷണങ്ങൾ നടത്തുന്നത് ഉചിതമാണെന്ന് ഞങ്ങൾ കരുതുന്നു. അക്കാദമിക് ബോഡികളുടെ തീരുമാനങ്ങളിൽ ഇടപെടുമ്പോൾ കോടതികൾ ജാഗ്രത പാലിക്കേണ്ടത് വളരെ അനിവാര്യമാണ്. കാരണം, പല തീരുമാനങ്ങളുടെയും നിയമസാധുത പരിശോധിക്കുമ്പോൾ അപരിചിതമായ പല കാര്യങ്ങളും കയറിവരും. അക്കാദമിക് പദപ്രയോഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളുടെ യഥാർഥ വ്യാപ്തി പരിശോധിക്കുമ്പോൾ പല ബുദ്ധിമുട്ടുകളും നേരിടും. കാരണം, സന്ദർഭങ്ങൾക്കനുസരിച്ച് സ്വീകരിക്കാവുന്ന ധാരാളം വ്യാഖ്യാനങ്ങൾക്കുള്ള സാധ്യത ഇവിടെയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, അക്കാദമിക് വിദഗ്ധരുടെ വീക്ഷണങ്ങൾക്ക് അർഹമായ വെയിറ്റേജ് നൽകുക എന്നതാണ് സ്വീകരിക്കാവുന്ന ഉചിതമായ തീരുമാനം. യുക്തി പ്രകാരം കേസുകളുടെ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ വിദഗ്ധ അക്കാദമിക് സമിതികളുടെ തീരുമാനങ്ങൾക്ക് മതിയായ പരിഗണന നൽകാറുണ്ട്. അത്തരം സമിതികളുടെ തീരുമാനങ്ങളിൽ ഇടപെടുന്നത് നിയമത്തിലെ വകുപ്പുകളുടെ കൃത്യമായ ലംഘനം കാണപ്പെടുമ്പോഴോ അവരുടെ തീരുമാനങ്ങളിൽ ജുഡീഷ്യൽ റിവ്യൂ ആവശ്യമുള്ള കാരണങ്ങൾ കാണുമ്പോഴോ ആണ്.
അക്കാദമിക് മേഖലയുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങൾക്ക് പതിവിൽക്കവിഞ്ഞ മാധ്യമശ്രദ്ധ ലഭിക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങിയവ കോടതി വ്യവഹാരങ്ങളെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ കോടതികൾ നിർബന്ധിതമാവുകയും ചെയ്യുന്ന സന്ദർഭങ്ങൾ വളരെ കൂടുതലാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇത്തരത്തിലുള്ള ചർച്ചകൾ ഒഴിവാക്കണമെന്ന് അച്ചടി-–- ഇലക്ട്രോണിക് മാധ്യമങ്ങളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് നിയമവാഴ്ച ശക്തിപ്പെടുത്തി നീതി നടപ്പാക്കുന്നത് എളുപ്പമാക്കാനാണ്.
35) കോടതിയിൽ കേസ് നടക്കുമ്പോൾ ഒരു ജഡ്ജിയുടെ വാക്കാലുള്ള പരാമർശങ്ങളെ അടിസ്ഥാനമാക്കി, മാന്യമല്ലാത്ത അഭിപ്രായങ്ങളിലൂടെയും പരാമർശങ്ങളിലൂടെയും കക്ഷിയുടെ അന്തസ്സിനും സൽപ്പേരിനും വരുത്തുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മാധ്യമങ്ങൾക്ക് ഒഴിഞ്ഞുമാറാനാകില്ല. വ്യവഹാരത്തിൽ കക്ഷി വിജയിച്ചോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ല.
വാദം കേൾക്കുന്ന ജഡ്ജി നടത്തുന്ന പരാമർശങ്ങൾ കേസിന്റെ ഗുണദോഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളായി പരിഗണിക്കാനാകില്ലെന്ന് ഈയിടെ പറഞ്ഞത് രാജ്യത്തിന്റെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ്. ന്യായമായ വിചാരണയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും, അടുത്ത കാലത്തായി, സ്വകാര്യതയ്ക്കുള്ള അവകാശവും അതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു (K.S. Puttaswamy & Anr v. Union of India & Ors ലെ സുപ്രീംകോടതി. – [(2017) 10 എസ്സിസി 11). ഈ വിധിക്കുമുമ്പുതന്നെ, ഒരാളുടെ സൽപ്പേര് സംരക്ഷിക്കാനുള്ള അയാളുടെ അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നു (നദ്കർണി – [(1983) 1 SCC 124]). 1965ലെ സിവിൽ, പൊളിറ്റിക്കൽ റൈറ്റ്സ് ഓൺ ഇന്റർനാഷണൽ കൺവൻഷൻ, മറ്റുള്ളവരുടെ സൽപ്പേരിനുള്ള അവകാശത്തിനു വിധേയമായി മാത്രമേ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിലനിൽക്കുന്നുള്ളൂവെന്ന് പറയുന്നു. ബിഹാർ വേഴ്സസ് ലാൽ കൃഷ്ണ അദ്വാനി- [(2003) 8 SCC 3611-ലും ഈ അവകാശം അംഗീകരിക്കപ്പെട്ടതാണ്.
36) ഒരു വ്യക്തിയുടെ നടപടികൾമൂലം മറ്റൊരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ നമ്മുടെ മൗലികാവകാശങ്ങളിൽ പലതിനും ഭരണഘടനതന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ഗ്രാൻവിൽ ഓസ്റ്റിൻ നമ്മുടെ ഭരണഘടനയെക്കുറിച്ചുള്ള തന്റെ “The Indian Constitution – The Cornerstone of a Nation” എന്ന പ്രബന്ധത്തിൽ പറയുന്നുണ്ട്. ആർട്ടിക്കിൾ 23ൽ വ്യക്തിയുടെ സ്വകാര്യതയെന്നത് മൗലികാവകാശമായി അംഗീകരിക്കപ്പെട്ട കാര്യമാണ്. സ്വന്തം അന്തസ്സും സൽപ്പേരും സംരക്ഷിക്കാനുള്ള അവകാശവും അതിന്റെ ഭാഗമായിവരും.
ഇതിന്റെ വ്യവസ്ഥകൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെ നിയന്ത്രിക്കാൻവേണ്ടി മാത്രമല്ല ഉപയോഗിക്കേണ്ടത്. സ്വകാര്യവ്യക്തികൾ, മാധ്യമങ്ങളടക്കമുള്ള സ്ഥാപനങ്ങൾ തുടങ്ങിയവ മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്കും സൽപ്പേരിലേക്കും കൈകടത്തുന്നത് തടയാനും ഈ അവകാശം വഴി സാധിക്കണം. അതിനാൽ, മാധ്യമങ്ങൾ കോടതിയുടെ ഈ നിരീക്ഷണങ്ങൾ ശ്രദ്ധിക്കുമെന്നും വരുംദിവസങ്ങളിൽ സ്വമേധയാ ഉത്തരവാദിത്വമുള്ള പെരുമാറ്റരീതി അവലംബിച്ച് റിപ്പോർട്ട് ചെയ്യുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.