തിരുവനന്തപുരം
ദേശീയപാത പദ്ധതികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക വഹിക്കാനാകില്ലെന്ന സംസ്ഥാനത്തിന്റെ നിലപാട് അംഗീകരിച്ച് കേന്ദ്രം. മൂന്ന് പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കലിന്റെ മുഴുവൻ തുകയും ദേശീയപാത അതോറിറ്റി വഹിക്കണമെന്ന് തത്വത്തിൽ ധാരണയായി. ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് അറിയുന്നത്. കൊല്ലം -–-ചെങ്കോട്ട ഗ്രീൻഫീൽഡ്, മൈസൂരു -മലപ്പുറം, എറണാകുളത്തെ കുണ്ടന്നൂർ ബൈപാസ് എന്നിവയുടെ ഭൂമിയേറ്റെടുക്കലിന്റെ മുഴുവൻ തുകയുമാണ് ദേശീയപാത അതോറിറ്റി വഹിക്കുന്നത്.
ദേശീയപാത വികസനം സംബന്ധിച്ച് 30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദേശീയപാത അതോറിറ്റി അധികൃതരുമായി യോഗം ചേരും. ദേശീയപാത 66 ഒഴികെയുള്ള പദ്ധതികളുടെ ഭൂമിയേറ്റെടുക്കലിന്റെ തുക സംസ്ഥാനം ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചിരുന്നു. ദേശീയപാത വികസനം കേരളത്തിന് ലഭിക്കേണ്ട അവകാശമാണ്. ഭൂമി ഏറ്റെടുക്കലിനുള്ള തുക മറ്റൊരു സംസ്ഥാനവും വഹിക്കുന്നില്ലെന്നും സംസ്ഥാനം അറിയിച്ചിരുന്നു. ദേശീയപാത 66ന്റെ ഭൂമി ഏറ്റെടുക്കലിന്റെ നാലിലൊന്ന് ചെലവ് സംസ്ഥാനം വഹിക്കേണ്ടിവന്നത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അലംഭാവംമൂലമാണ്.