തിരുവനന്തപുരം
തട്ടിപ്പുകേസിൽ അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പുറത്തേയ്ക്കുള്ള വഴി തെളിയുന്നു. ശക്തമായ തെളിവുകളുടെ ബലത്തിൽ കേസ് മുറുകുന്നതും ഹൈക്കമാൻഡ് പിന്തുണ നൽകാൻ തയ്യാറാകാത്തതും പടിയിറക്കത്തിലേക്ക് നയിക്കുമെന്നാണ് കണക്കുകൂട്ടൽ. വിഷയത്തിൽ പരസ്യപ്രതികരണത്തിന് ഇനിയും ഹൈക്കമാൻഡ് തയ്യാറായിട്ടില്ല. തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് പ്രതിയാകുന്നതും അറസ്റ്റിലേക്ക് നീങ്ങുന്നതും അസാധാരണമാണ്. രാഷ്ട്രീയ പ്രേരിതമെന്ന് പുറമെ പറയുമ്പോഴും അങ്ങനെയല്ലെന്ന ബോധ്യം നേതാക്കൾക്കുണ്ട്. സുധാകരനെ നിരുപാധികം പിന്തുണയ്ക്കാൻ ആരും തയ്യാറാകാത്തതും ഇക്കാരണത്താലാണ്. രാഹുൽഗാന്ധിയും മല്ലികാർജുൻ ഖർഗെയുമടക്കം അതൃപ്തി അറിയിച്ചിട്ടുണ്ട്. തട്ടിപ്പുകേസുകളിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതിസ്ഥാനത്ത് നിൽക്കേണ്ടി വന്നതിൽ ഹൈക്കമാൻഡിനും അമർഷമുണ്ട്.
പോക്സോ കേസിൽ ആജീവനാന്ത തടവിനു ശിക്ഷിക്കപ്പെട്ട മോൻസൺ മാവുങ്കലിനെ തള്ളിപ്പറയാൻ സുധാകരൻ തയ്യാറാകാത്തതിലും പാർടി പ്രവർത്തകരിൽ രോഷമുണ്ട്. ഹൈക്കമാൻഡ് ഇടപെട്ട് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് സ്വയമൊഴിയാനുള്ള അവസരമാണ് സുധാകരന് മുന്നിലുള്ളത്. മാറിനിൽക്കാൻ തയ്യാറെന്ന സുധാകരന്റെ പ്രതികരണം സാഹചര്യം അനുകൂലമല്ലെന്ന് മനസിലാക്കിയാണ്. അതിനു തയ്യാറായില്ലെങ്കിൽ നടപടി വേണമെന്ന ആവശ്യം ഹൈക്കമാൻഡിന് മുന്നിൽ എത്തിയതായാണ് വിവരം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാത്രമാണ് സുധാകരന് അകമഴിഞ്ഞ പിന്തുണ നൽകുന്നത്. മോൻസൺ കേസിൽ സുധാകരൻ ഒഴിയണമെന്ന നിലപാടെടുത്താൽ പുനർജനി കേസിൽ തന്റെ രാജിക്കായി മുറവിളി ഉയരുമെന്ന് സതീശൻ മുൻകൂട്ടി കാണുന്നു.തലസ്ഥാനത്ത് അറസ്റ്റുദിവസം ഒരു പ്രതിഷേധം പോലുമുണ്ടാകാതിരുന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. താഴേത്തട്ടിൽ സുധാകരനോടുള്ള എതിർപ്പും അതൃപ്തിയുമാണ് ഇതുവഴി പ്രകടമാകുന്നത്. ഇതിന്റെ കൂടി പ്രതിഫലനമാണ് സുധാകരന്റെ രാജിസന്നദ്ധതയിൽ നിഴലിക്കുന്നത്.
പാർടിയിൽ ഉയരുന്ന അമർഷത്തെ മറികടക്കാനാണ് രാജി സന്നദ്ധതയെന്ന് ഒരു വിഭാഗം കരുതുമ്പോഴും കെപിസിസി പ്രസിഡന്റ് സ്ഥാനം സ്വപ്നംകാണുന്നവരും കൂട്ടത്തിലുണ്ട്. കെ മുരളീധരനെ കൊണ്ടുവരണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. വി ഡി സതീശനും കെ സി വേണുഗോപാലും ഇതിനെതിരാണ്. മുരളീധരൻ പ്രസിഡന്റായാൽ രാഷ്ട്രീയഭാവിക്ക് ദോഷംചെയ്യുമെന്ന് സതീശനും വേണുഗോപാലും കരുതുന്നു. ബ്ലോക്ക് പ്രസിഡന്റ് നിയമനം തന്നെ കൂട്ടയടിക്ക് കാരണമായിരിക്കേ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തലും കീറാമുട്ടിയാകും.
മാറിനിൽക്കാമെന്ന് സുധാകരൻ
ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ. അത്തരം ചർച്ചകളും നടക്കുന്നുണ്ട്. പാർടിയെ പ്രതിസന്ധിയിലാക്കാൻ ആഗ്രഹിക്കുന്നില്ല. കേസ് കെട്ടിച്ചമച്ചതാണെന്നും ശിക്ഷിക്കാൻ തെളിവില്ലെന്നും സുധാകരൻ അവകാശപ്പെട്ടു. ശനി രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
സുധാകരനെ മാറ്റില്ലെന്ന് വി ഡി സതീശൻ
വഞ്ചനാക്കേസിൽ അറസ്റ്റിലായതിന്റെ പേരിൽ കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ‘സുധാകരൻ മാറിനിൽക്കുന്നതിനെക്കുറിച്ചുള്ള ചർച്ച പാർടിയിൽ ഉണ്ടാകില്ല. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നാണ് ഞാൻ പറയുന്നത്. അതാണ് പാർടിയുടെ നിലപാട്’–– കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു. മാറിനിൽക്കാൻ തയ്യാറാണെന്ന് സുധാകരൻ പറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.
സുധാകരനെതിരായ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് സതീശൻ ആരോപിച്ചു. ‘മോൻസണിന്റെ വീട് സുധാകരൻ പലതവണ സന്ദർശിച്ചത് ആരും നിഷേധിച്ചിട്ടില്ല. സന്ദർശിച്ചാൽ കുറ്റമാകുമോ. മോൻസണിന്റെ ഡ്രൈവറുടെ മൊഴിയാണ് തെളിവ് എന്നു പറയുന്നു. എന്നാൽ, ഡ്രൈവർ ആദ്യം ഇങ്ങനെയല്ല മൊഴിനൽകിയത്’–- സതീശൻ അവകാശപ്പെട്ടു.