തിരുവനന്തപുരം
പനിക്കാലം മുൻനിർത്തി ജനങ്ങളെ പരിഭ്രാന്തരാക്കി ചില മാധ്യമങ്ങൾ. സംസ്ഥാനത്ത് മരുന്നുലഭ്യത കുറവാണെന്നാണ് മനോരമയുടെ മുഖപ്രസംഗം. സംസ്ഥാനത്ത് ജനകീയ ആരോഗ്യകേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെ പകർച്ചപ്പനി നേരിടുന്നതിനാവശ്യമായ മരുന്നുകൾ കെഎംഎസ്സിഎൽ മുഖേന ലഭ്യമാക്കിയത് മറച്ചുവച്ചാണ് കള്ളപ്രചാരണം. പനി മുന്നിൽകണ്ട് 200 കോടി രൂപയുടെ മരുന്നാണ് കെഎംഎസ്സിഎൽ സംഭരിച്ച് വിതരണം ചെയ്തത്. ആശുപത്രികളിൽ സംഭരിച്ചിട്ടുള്ള മരുന്നിൽ 30 ശതമാനം കുറവ് വരുമ്പോൾത്തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ച് മരുന്നുലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുമുണ്ട്.
മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിലേക്കായി ആവശ്യമായ 48 ഇനം മരുന്നുകളിൽ 20.44 കോടിരൂപയുടെ മരുന്നുകൾ കോർപറേഷന്റെ മരുന്നുസംഭരണശാലകളിലും 23.74 കോടി രൂപയുടെ മരുന്നുകൾ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ 58.65 ലക്ഷവും ആന്റിവൈറൽ മരുന്നായ ഒസെൽടാമിവിൽ 2.5 ലക്ഷവും സംഭരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി രോഗനിർണയത്തിനായി 20,000 കിറ്റ് ലഭ്യമാണ്. കൂടാതെ 71,680 അധിക രോഗനിർണയ കിറ്റുകൂടി ഉടൻ കാരുണ്യ കമ്യൂണിറ്റി ഫാർമസി വിഭാഗം വഴി ലഭ്യമാക്കും. ജൂലൈയിൽ പനി വർധിച്ചേക്കാമെന്ന് മുന്നിൽകണ്ട് ഓർഡർ നൽകിയ അധിക സ്റ്റോക്ക് ജൂൺ അവസാനം സംസ്ഥാനത്ത് എത്തിച്ചേരും. മരുന്നിന്റെ കുറവുണ്ടെങ്കിൽ അത് പരിഹരിക്കാൻ പ്രത്യേക മോണിറ്ററിങ് സംവിധാനവുമുണ്ട്. ഈ സാഹചര്യത്തിലും ആശങ്ക പരത്തുകയെന്ന ലക്ഷ്യം മാത്രമാണ് മാധ്യമങ്ങൾക്കുള്ളത്.
പ്ലേറ്റ്ലെറ്റ് സ്റ്റോക്ക് ഇല്ലേ
ആശുപത്രികളിൽ പ്ലേറ്റ്ലെറ്റ് സ്റ്റോക്കില്ലെന്ന വാർത്തയും നൽകിയിട്ടുണ്ട്. ഒരുമാസത്തിലധികം സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന രക്തംപോലെയല്ല പ്ലേറ്റ്ലെറ്റുകളെന്ന് ഒരു വാർത്തയിലുമില്ല. വെറും അഞ്ചു ദിവസമാണ് പ്ലേറ്റ്ലെറ്റുകളുടെ കാലാവധി. ആദ്യ രണ്ടു ദിവസത്തിലാണ് കൂടുതൽ ഫലപ്രാപ്തി. “രക്തം സൂക്ഷിക്കുന്നതുപോലെ പ്ലേറ്റ്ലെറ്റ് സംഭരിക്കാനാകില്ല. അത്യാവശ്യഘട്ടങ്ങളിൽ ദാദാക്കളിൽനിന്ന് എടുക്കുന്നതാണ് ഉചിതം. രോഗികളുടെ അവസ്ഥ അനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇത് ചെയ്യുക’– -തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് മേധാവി ഡോ. എസ് മായാദേവി പറഞ്ഞു.
‘ദിശ’സജ്ജം; ഡോക്ടർ
ലെെനിലുണ്ട്
തിരുവനന്തപുരം
പകർച്ചപ്പനി പ്രതിരോധത്തിനായി ദിശ കോൾ സെന്ററിനെ കൂടുതൽ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. എല്ലാ ജില്ലയിൽനിന്നുള്ള ഡോക്ടർമാരുടെയും സേവനം ഉൾപ്പെടുത്തിയാണ് കോൾ സെന്റർ പ്രവർത്തനസജ്ജമാക്കിയത്. കൗൺസലർ, ഡോക്ടർ, ഇ–- സഞ്ജീവനി ഡോക്ടർ എന്നിവരെ കൂടാതെ ജില്ലാ സർവയലൻസ് ഓഫീസർമാരുടെ സേവനവും ലഭിക്കും. ആരോഗ്യസംബന്ധമായ എന്ത് സംശയത്തിനും ദിശയിൽ വിളിക്കാം. സേവനം ആവശ്യക്കാർ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു.
ആർക്കെങ്കിലും അത്യാഹിതമോ രോഗമൂർച്ഛയോ ഉണ്ടായാലും ദിശയിലേക്ക് വിളിക്കാവുന്നതാണ്. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ പറഞ്ഞുതരും. ഫോൺ: 104, 1056, 0471 2552056, 2551056.