ബംഗളൂരു
സുനിൽ ഛേത്രിയുടെ ചിറകിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കുതിപ്പ് തുടരുന്നു. നേപ്പാളിനെയും കീഴടക്കി ഇന്ത്യ സാഫ് കപ്പിന്റെ സെമിയിൽ കടന്നു. രണ്ട് ഗോളിനാണ് ജയം. ഛേത്രിയും മഹേഷ് സിങ്ങും ലക്ഷ്യംകണ്ടു. രാജ്യാന്തര ഫുട്ബോളിൽ ഛേത്രിക്ക് 91 ഗോളായി. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെതിരെ ഹാട്രിക് നേടിയിരുന്നു.
പാകിസ്ഥാനെതിരായ നാല് ഗോൾ ജയത്തിന്റെ ആത്മവിശ്വാസത്തിൽ നേപ്പാളിനെതിരെ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ മികവ് കാട്ടാനായില്ല. അടിമുടി മാറ്റവുമായാണ് കോച്ച് ഇഗർ സ്റ്റിമച്ച് ടീമിനെ ഇറക്കിയത്. ആദ്യപകുതിയിൽ നേപ്പാളിന് നിരവധി അവസരങ്ങൾ കിട്ടി. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ ഇടപടലുകളാണ് ഗോൾ വഴങ്ങുന്നതിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്.
ഇടവേളയ്ക്കുശേഷമായിരുന്നു ഇന്ത്യയുടെ രണ്ട് ഗോളും. രണ്ടിനും വഴിയൊരുക്കിയത് മലയാളിതാരം സഹൽ അബ്ദുൾ സമദിന്റെ തകർപ്പൻ പ്രകടനമായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽ സഹലും മഹേഷ് സിങ്ങും നടത്തിയ നീക്കമാണ് ഗോളിലേക്ക് വഴിതുറന്നത്. സഹലായിരുന്നു ആസൂത്രകൻ. മധ്യനിരയിൽനിന്ന് സഹൽ കൃത്യമായി മഹേഷിനെ കണ്ടു. മഹേഷ് പന്തുമായി ഇടതുപാർശ്വത്തിലൂടെ കുതിച്ചു. പിന്നെ ഗോൾമുഖത്തേക്ക് ക്രോസ് തൊടുത്തു. ഛേത്രി അനായാസം ലക്ഷ്യംകണ്ടു.
പത്ത് മിനിറ്റിനുള്ളിൽ രണ്ടാംഗോളുംവന്നു. ഇക്കുറിയും സഹലായിരുന്നു വഴിയൊരുക്കിയത്. ബോക്സിന് പുറത്തുനിന്നുള്ള സഹലിന്റ നീക്കം ഛേത്രിയിലേക്ക്. നേപ്പാൾ ഗോൾകീപ്പർ ഛേത്രിയുടെ ഷോട്ട് തടഞ്ഞു. പന്ത് ക്രോസ്ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. മഹേഷ് അതിൽ തലവച്ചു. ആ ഗോളിൽ ഇന്ത്യ ജയം പൂർത്തിയാക്കി. തോൽൽവിയറിയാതെ തുടർച്ചയായ എട്ടാം മത്സരമാണ് ഇന്ത്യ പൂർത്തിയാക്കിയത്. ഗ്രൂപ്പ് എയിൽ കുവൈത്തിന് പിന്നിൽ രണ്ടാമതാണ് ഇന്ത്യ. പാകിസ്ഥാനെ നാല് ഗോളിന് തോൽപ്പിച്ച് കുവെെത്തും സെമിയിലെത്തി.