കെയ്റോ
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ശനി വൈകിട്ട് ഈജിപ്തിലെത്തി. മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മഡ്ബൗലി സ്വീകരിച്ചു. 26 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ഞായറാഴ്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ––സിസിയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി ഈജിപ്ത് ക്യാബിനറ്റിന്റെ ഇന്ത്യായൂണിറ്റുമായുള്ള ചർച്ചയിലും പങ്കെടുക്കും.
ദാവൂദി ബൊഹ്റ സമൂഹത്തിന്റെ സഹായത്തോടെ നവീകരിച്ച പതിനൊന്നാം നൂറ്റാണ്ടിലെ അൽ-ഹക്കീം മസ്ജിദ്, ഒന്നാം ലോകയുദ്ധകാലത്ത് ഈജിപ്തിന് വേണ്ടി ജീവൻ നൽകിയ ഇന്ത്യൻ സൈനികർക്കുള്ള ആദരസൂചകമായി ഹീലിയോപോളിസ് യുദ്ധസ്മാരകം എന്നിവിടങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും. യുഎസ് സന്ദർശനത്തിന്റെ അവസാന ദിവസമായിരുന്ന ശനിയാഴ്ച വൈസ് പ്രസിഡന്റ് കമല ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഒരുക്കിയ വിരുന്നിൽ പങ്കെടുത്തശേഷമാണ് പ്രധാനമന്ത്രി ഈജിപ്തിലേക്ക് പോയത്.