കൊച്ചി
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പിഴ ശിക്ഷയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ലോകകായിക തർക്കപരിഹാര കോടതിയിൽ. രണ്ടാഴ്ചയ്ക്കുള്ളിൽ നാലുകോടി രൂപ പിഴ അടയ്ക്കണമെന്ന ഫെഡറേഷന്റെ തീരുമാനമാണ് ബ്ലാസ്റ്റേഴ്സ്, കായികകോടതിയിൽ ചോദ്യംചെയ്തത്. ഐഎസ്എൽ ടൂർണമെന്റ് പ്ലേ ഓഫിൽ ബംഗളൂരു എഫ്സിയുമായുള്ള മത്സരത്തിനിടെ കളത്തിൽനിന്ന് ഇറങ്ങിപ്പോയതിനാണ് ബ്ലാസ്റ്റേഴ്സിന് വൻ തുക പിഴ വിധിച്ചത്.
ആദ്യഘട്ടത്തിൽ ആറുകോടി രൂപയായിരുന്നു പിഴ. അപ്പീൽ നൽകിയശേഷം നാലുകോടി രൂപയായി കുറച്ചു. പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെതിരെയും നടപടിയുണ്ടായി. 10 കളിയിൽ വിലക്കും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ജൂൺ രണ്ടിനാണ് ഫെഡറേഷൻ രണ്ടാഴ്ചത്തെ അന്തിമ കാലാവധി ബ്ലാസ്റ്റേഴ്സിന് മുന്നിൽവച്ചത്.
അതിനിടെ, ഏതുകാരണം ഉന്നയിച്ചാണ് ബ്ലാസ്റ്റേഴ്സ് കായികകോടതിയെ സമീപിച്ചത് എന്ന് വ്യക്തമല്ല. ബംഗളൂരു എഫ്സിയുമായുള്ള പ്ലേ ഓഫ് മത്സരത്തിനിടെ സുനിൽ ഛേത്രി ഫ്രീകിക്കിലൂടെ ഗോൾ നേടിയശേഷമായിരുന്നു വിവാദങ്ങളുടെ തുടക്കം. കളിക്കാർ തയ്യാറായില്ലെന്ന കാരണത്താൽ ഗോൾ അനുവദിക്കരുതെന്ന ബ്ലാസ്റ്റേഴ്സിന്റെ വാദം റഫറി തള്ളിക്കളഞ്ഞു. പിന്നാലെ വുകോമനോവിച്ചിന്റെ നേതൃത്വത്തിൽ കളിക്കാർ മത്സരം പൂർത്തിയാക്കാതെ കളംവിടുകയായിരുന്നു. തുടർന്ന് ബംഗളൂരു ടീമിനെ വിജയികളായി റഫറി പ്രഖ്യാപിക്കുകയും ചെയ്തു.