പട്ന
1974 ജൂൺ അഞ്ചിന് പട്നയിലെ ഗാന്ധി മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഇന്ദിര ഗാന്ധിയുടെയും കോൺഗ്രസിന്റെയും അമിതാധികാര പ്രവണതകൾക്കെതിരായി ജയ്പ്രകാശ് നാരായൺ ‘സമ്പൂർണ വിപ്ലവ’ത്തിന് ആഹ്വാനം നൽകിയത്. ജെപി പ്രസ്ഥാനം പട്നയും ബിഹാറും കടന്ന് രാജ്യമാകെ വ്യാപിച്ചു. എവിടെയും പ്രക്ഷോഭം അലയടിച്ചു. വൈകാതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അർധഫാസിസ്റ്റ് വാഴ്ചയും പെൺഹിറ്റ്ലറും പിറന്നു. അടിച്ചമർത്തലിന് ഏറെ ആയുസ്സുണ്ടായില്ല. ഏകാധിപത്യത്തിന്റെ പ്രതീകമായ കോൺഗ്രസ് സർക്കാർ നിലംപൊത്തി.
ജെപിയുടെ ആഹ്വാനത്തിന് ഏതാണ്ട് ആറുദശകംമുമ്പ് മറ്റൊരു ചരിത്രനിമിഷത്തിനും പട്ന വേദിയായി. ചമ്പാരനിലെ ചെറുകിട കർഷകർക്കുമേൽ ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ച നിർബന്ധിത നീലയമരി കൃഷിക്കെതിരായ സത്യഗ്രഹത്തിന് തുടക്കമിടാനെത്തിയ മഹാത്മാഗാന്ധി പട്ന ലോൺസിൽ ബഹുജനറാലിയെ അഭിസംബോധന ചെയ്തു. ബ്രിട്ടീഷുകാർ ഗോൾഫ് തട്ടിയിരുന്ന പുൽമൈതാനം ഇതോടെ ഗാന്ധി മൈതാനമായി.
അയോധ്യയിൽ രാമക്ഷേത്ര നിർമാണമെന്ന ആവശ്യവുമായി ചോരപ്പുഴയൊഴുക്കി നീങ്ങിയ അദ്വാനിയുടെ രഥയാത്ര 1990 ഒക്ടോബറിൽ തടഞ്ഞതും ബിഹാറിലാണ്. മുഖ്യമന്ത്രിയായിരുന്ന ലാലുവിന്റെ നിർദേശപ്രകാരം സമസ്തിപ്പുരിൽവച്ച് അദ്വാനി അറസ്റ്റിലായി. ഏകാധിപത്യ– -ഫാസിസ്റ്റ് പ്രവണതകൾക്കെതിരായി ഈവിധം പോരാട്ടങ്ങളുടെ വലിയ ചരിത്രം പട്നയ്ക്കും ബിഹാറിനുമുണ്ട്. ജെപിയുടെ ശിക്ഷ്യൻമാരായി വളർന്ന നിതീഷ്കുമാറും ലാലുവും മുൻകൈയെടുത്ത് പട്നയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പ്രതിപക്ഷ പാർടി നേതാക്കളുടെ സംഗമവും ഒരു ചരിത്രനിമിഷംതന്നെ. ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന മോദി ഭരണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാക്കൾ സമ്മേളിച്ചത്. ഒരു തുടക്കമെന്ന നിലയിൽ ഇതൊരു വലിയ ചുവടുവയ്പാണ്. രാജ്യമാകെ ആളിപ്പടരാവുന്ന മുന്നേറ്റത്തിന്റെ തുടക്കം.
വർഗീയതയെ ചെറുക്കൽ ; വൈമനസ്യം തുടർന്ന് കോൺഗ്രസ്
ദേശീയതലത്തിൽ വല്ലാതെ ശോഷിച്ചെന്ന യാഥാർഥ്യം തിരിച്ചറിയാതെ കോൺഗ്രസ്. അതല്ലെങ്കിൽ മോദി സർക്കാരിന്റെ അമിതാധികാര പ്രവണതയ്ക്കുള്ള ഏറ്റവും നല്ല ഉദാഹരണമായ ഡൽഹി ഓർഡിനൻസ് വിഷയത്തിൽ പട്ന യോഗത്തിലും അവർ കടുംപിടിത്തം തുടരില്ലായിരുന്നു. ഡൽഹിയിലും പഞ്ചാബിലും എഎപി മുഖ്യപ്രതിയോഗി ആയതിനാലാണ് ഈ വിഷയത്തിലെ നിലപാടിന് സമയം വേണമെന്ന് കോൺഗ്രസ് വളഞ്ഞ് പിടിക്കുന്നത്. ഡൽഹിയിൽ ഒരു ദശകമായി കോൺഗ്രസ് തീർത്തും ദുർബലമാണ്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 4.26 ശതമാനം വോട്ടുമാത്രം. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 ശതമാനത്തിൽ താഴെയും. നിലവിൽ ഇവിടെ എഎപിയും ബിജെപിയും തമ്മിലാണ് പോരാട്ടം. പഞ്ചാബിൽ ബിജെപി ദുർബലമായതിനാൽ എഎപിയും കോൺഗ്രസും മത്സരിക്കുന്നതിൽ തെറ്റുമില്ല.
ബംഗാളിൽ തൃണമൂലിന്റെ അക്രമവാഴ്ചയെ എതിർക്കുമ്പോഴും ദേശീയതലത്തിൽ സിപിഐ എം വേദി പങ്കിട്ടത് വർഗീയതയ്ക്കെതിരായ പോരാട്ടം ആത്മാർഥമായതിനാലാണ്. ഈ തിരിച്ചറിവാണ് കോൺഗ്രസിനുണ്ടാകേണ്ടത്. നിലവിൽ 17 പാർടികളാണ് ദേശീയഐക്യത്തോട് യോജിച്ചിരിക്കുന്നത്. ആർഎൽഡിയും ഐഎൻഎൽഡിയും ഒഴികെ മറ്റ് 15 പാർടികളുടെ പ്രതിനിധികൾ യോഗത്തിനെത്തി. അടുത്ത മാസം ഷിംലയിൽ ചേരുന്ന യോഗത്തിൽ ബിജെപിക്കെതിരായ പ്രചാരണ പരിപാടികൾക്കും മറ്റും പ്രതിപക്ഷ പാർടികൾ രൂപം നൽകും.