മോസ്കോ
റഷ്യയിൽ സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വൻ കലാപനീക്കം. ദക്ഷിണ നഗരമായ റൊസ്തോവ് ഓണ്‍ ഡോണിലെ സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ഗേനി പ്രിഗോഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. മോസ്കോ ലക്ഷ്യമാക്കി വാഗ്നർ സൈനികവ്യൂഹം നീങ്ങുന്നുണ്ട്. ഉത്തര വൊറോനെജിലെ ലിപെറ്റ്സ്ക് മേഖലയിലേക്ക് സൈനികവ്യൂഹം പ്രവേശിച്ചതായും റിപ്പോർട്ടുണ്ട്. സ്ഥിതി മോശമാണെന്നും എല്ലാവരും വീടുകളിൽ തുടരണമെന്നും മോസ്കോ മേയർ സോബിയാനിൻ അറിയിച്ചു. ഉക്രയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനൊപ്പം പങ്കാളികളായിരുന്ന വാഗ്നർ ഗ്രൂപ്പ് അപ്രതീക്ഷിതമായാണ് വിമതനീക്കം നടത്തിയത്.
വഞ്ചനയും രാജ്യദ്രോഹവുമാണ് ഉണ്ടായിരിക്കുന്നതെന്നും കലാപനീക്കം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നൽകുമെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ താക്കീത് നൽകി. പിന്നിൽനിന്നുള്ള കുത്താണിതെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പുടിൻ പറഞ്ഞു. മോസ്കോയിലടക്കം രാജ്യം കനത്ത സുരക്ഷയിലാണ്. വെള്ളിയാഴ്ച രാത്രി വൈകി സായുധ കലാപനീക്കം ഉണ്ടായതോടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) പ്രിഗോഷിനെതിരെ കേസെടുത്തു. ദേശീയ ഭീകരവിരുദ്ധ കമ്മിറ്റി അന്വേഷണവും പ്രഖ്യാപിച്ചു.
ഉക്രയ്ൻ ഭാഗത്തുനിന്ന് അതിർത്തി കടന്നാണ് വാഗ്നർ ഗ്രൂപ്പ് റൊസ്തോവിലേക്ക് എത്തിയത്. തുടർന്നാണ്, വ്യോമത്താവളമടക്കം സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ചെന്നും തങ്ങളെ തടയാൻ ശ്രമിക്കുന്നവരെ തച്ചുതകർക്കുമെന്നും പ്രിഗോഷിൻ വീഡിയോ സന്ദേശത്തിൽ അറിയിച്ചത്. പ്രതിരോധമന്ത്രി സെർജി ഷോയ്ഗുവിനെ ശിക്ഷിക്കുകയാണ് ലക്ഷ്യം. റഷ്യൻ സൈന്യം ഉക്രയ്നിലെ വാഗ്നർ ഗ്രൂപ്പിന്റെ താവളങ്ങൾ ആക്രമിച്ചെന്നും ഷോയ്ഗുവിന്റെ തീരുമാനപ്രകാരമാണ് ഇതുണ്ടായതെന്നും പ്രിഗോഷിൻ പറഞ്ഞു. പ്രിഗോഷിന്റെ ആരോപണം ഷോയ്ഗു തള്ളി.
സ്വകാര്യ സേനയായ വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകനും മുൻ വ്യവസായിയുമായ പ്രിഗോഷിനെ പുടിന്റെ വിശ്വസ്തനെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ഉക്രയ്ൻ യുദ്ധത്തിൽ സജീവമായിരുന്ന പ്രിഗോഷും സംഘവും ആയുധങ്ങൾ നൽകാതെ സൈനികരെ റഷ്യ കൊലയ്ക്കുകൊടുക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധത്തിന് ആയുധങ്ങളും സഹായവും എത്തിക്കുന്ന റഷ്യയുടെ തന്ത്രപ്രധാനമേഖല റൊസ്തോവ് പിടിച്ചെടുത്തത്. മോസ്കോയിൽനിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെയുള്ള നഗരമാണിത്. റൊസ്തോവിൽ റഷ്യയുടെ ഹെലികോപ്റ്റർ വെടിവച്ചിട്ടതായി വാഗ്നർ ഗ്രൂപ്പ് അവകാശപ്പെട്ടു.