ന്യൂഡൽഹി> കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. ഡൽഹി പൊലീസിൻറെ സ്പെഷൽ സെല്ലിന് കീഴിലുള്ള ഇൻറലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ടെലിഗ്രാം ബോട്ടിൽ വിവരങ്ങൾ അപ്ലോഡ് ചെയ്തത് ഇയാളെന്നാണ് സൂചന. ബിഹാറിലെ വസതിയിൽ നിന്നാണ് അറസ്റ്റ്. പൂർണ സുരക്ഷിതമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ട കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങളാണു കഴിഞ്ഞ ദിവസം ടെലഗ്രാം ആപ്പിലൂടെ ചോർന്നത്.
കോവിൻ പോർട്ടലിൽനിന്നും മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ടെലിഗ്രാം ബോട്ടിൽ ലഭ്യമായിരുന്നത്. ആധാർ കാർഡ് നമ്പറോ, ഫോൺ നമ്പറോ നൽകിയാൽ ആളുടെ പേര്, ഫോൺ നമ്പർ, ജനന തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവയാണ് മറുപടിയായിലഭിച്ചത്. സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ വിവരങ്ങൾ പുറത്തുവന്ന ടെലിഗ്രാം സേവനം നിശ്ചലമാവുകയായിരുന്നു.