കളമശേരി
കളമശേരി ഞാലകം ജുമാ മസ്ജിദിന്റെ കെട്ടിടനിർമാണ സൈറ്റിൽ മണ്ണിടിഞ്ഞുവീണ് അതിഥിത്തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്. പശ്ചിമബംഗാൾ നാഡിയ ജില്ല ഖോരഗച്ച സ്വദേശി ജഹർ ഷേക്കം മകൻ ഹസ്സൻ ഷേക്ക് (34) ആണ് മരിച്ചത്. വീഴ്ചയിൽ കഴുത്തിൽ കോൺക്രീറ്റ് കമ്പി കുത്തിക്കയറിയാണ് മരണം. പരിക്കേറ്റ 24 നോർത്ത് പർഗാനാസ് സ്വദേശി ഗോകുൽ സർക്കാറിന്റെ മകൻ മിഥുൻ സർക്കാർ (26) കളമശേരി കിൻഡർ ആശുപത്രിയിൽ ചികിത്സയിലാണ്.
സൗത്ത് കളമശേരി ഞാലകം ജുമാ മസ്ജിദ് കെട്ടിടത്തിന്റെ നിർമാണം നടക്കുന്ന സ്ഥലത്ത് ബുധൻ വൈകിട്ട് 4.30നായിരുന്നു ദുരന്തം. ഹസ്സനും മിഥുനും ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ സിവേജ് ട്രീറ്റ്മെന്റ് ടാങ്കിന്റെ ജോലിയിലായിരുന്നു. കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായുള്ള ജോലികൾക്കിടെ 30 അടിയോളം ഉയരത്തിൽ മണ്ണിടിഞ്ഞ് വീണു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് കമ്പിയിൽ തടഞ്ഞ് ഹസ്സൻ തലകീഴായി ടാങ്കിനകത്ത് വീഴുകയും മണ്ണ് ശരീരത്തിലേക്ക് പതിക്കുകയുമായിരുന്നു. മറ്റ് രണ്ടുപേരും ഓടി രക്ഷപ്പെട്ടു. മിഥുൻ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്.
ഏലൂരിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപകുമാറിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയെത്തി വൈകിട്ട് അഞ്ചോടെയാണ് ഹസ്സന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽസംഭവിച്ചത് പ്രകൃതിദുരന്തമല്ലെന്നും നിർമാണസ്ഥലത്ത് മുൻകരുതൽ സ്വീകരിക്കാത്തതുകൊണ്ടുണ്ടായ അപകടമാണെന്നും തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസർ അബ്ദുൾ ജബ്ബാർ പറഞ്ഞു.