കൊച്ചി
ചിറ്റാറ്റുകര പഞ്ചായത്തിലെ എട്ടാംവാർഡിൽ ഒരേക്കർ 66 സെന്റ് തരിശ് പാടത്തെ നാല് സെന്റിൽ ഒരു വീടുയർന്നു. ഭൂവുടമ നൽകിയ സ്ഥലത്ത് പ്രളയബാധിതരെ സഹായിക്കാൻ വ്യവസായ ഗ്രൂപ്പാണ് ഇത് നിർമിച്ചത്. പറവൂർ എംഎൽഎ വി ഡി സതീശന്റെയൊ പുനർജനി പദ്ധതിയുടെയോ ഒരു സഹായവും ഇതിൽ ഉണ്ടായിരുന്നില്ല.
ഈ തരിശുനിലത്തേക്കാണ് എംഎൽഎ 25ലക്ഷം രൂപ അനുവദിച്ച് റോഡ് നിർമിച്ചത്. ഇതിന് ‘പുനർജനി റോഡ്’ എന്ന് പേരുമിട്ടു. 2016ലാണ് ഭൂമി ദാനം നൽകിയത്. ഇവിടെ പ്രളയശേഷമാണ് വീട് നിർമിക്കുന്നത്. ഒരു വീടുമാത്രമുള്ള ഇവിടേക്ക് റോഡ് കൂടാതെ വൈദ്യുതിലൈന്‍ മൂന്നുലക്ഷവും കുടിവെള്ളത്തിന് 1.99 ലക്ഷവും എംഎൽഎ അനുവദിച്ചു. എംഎൽഎയുടെയും സംഘത്തിന്റെയും റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
ഈ പരാതി വിജിലൻസിനുമുന്നിലാണ്. യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളുകളിലായിരുന്നു ഈ ഇടപെടലെല്ലാം. തരിശുനിലം സ്ഥിതിചെയ്യുന്ന എട്ടാംവാർഡിലെ പ്രദേശം ഒമ്പതാംവാർഡിലാണെന്ന് കാണിച്ചാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനായിരുന്നു ഇത്.
റോഡ് യാഥാർഥ്യമായശേഷം രണ്ട് വീടുകൂടി ഭാഗികമായി ഇവിടെ പൂർത്തിയായെങ്കിലും ഒരു വീട്ടിൽമാത്രമാണ് ഇപ്പൊഴും ആൾത്താമസം. ഇതെല്ലാം ചൂണ്ടിക്കാട്ടി എട്ടാംവാർഡ് വികസനസമിതി കൺവീനർ അബ്ദുൾ സലാം നൊച്ചിലകത്താണ് വിജിലൻസിന് പരാതി നൽകിയത്.