കൊച്ചി
അഴിമതിയാരോപിച്ച് കോടതിയിലെത്തിയവർക്ക് അഴിമതിയോടുള്ള സമീപനം സ്വയം വെളിപ്പെടുത്തേണ്ടിവരുന്നത് ഇതാദ്യം. പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമാണ് ഈ അവസ്ഥ. ഇവർ എഐ കാമറയുടെ മുന്നിൽപ്പെട്ട നിയമലംഘകരുടെ അവസ്ഥയിലായെന്നാണ് സമൂഹമാധ്യമങ്ങളിലെ ട്രോൾ. എഐ കാമറ പദ്ധതിതന്നെ അവസാനിപ്പിക്കണമെന്നായിരുന്നു ഇരുവരും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം.
കോടതി, തൽക്കാലം അതിലേക്കൊന്നും കടന്നില്ലെങ്കിലും അഴിമതിയോടുള്ള ഹർജിക്കാരുടെ യഥാർഥ സമീപനം എന്തെന്ന് ആരാഞ്ഞു. അത് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉൾപ്പെട്ട ബെഞ്ചിന്റെ എട്ട് പേജുള്ള ഉത്തരവിന്റെ അഞ്ചാംഖണ്ഡികയിലാണ് ‘തിരിച്ചടിച്ച’ നിർദേശമുള്ളത്.
‘സമൂഹത്തിൽ ഉന്നതസ്ഥാനമുള്ള പൊതുപ്രവർത്തകരാണ് ഈ പൊതുതാൽപ്പര്യഹർജി സമർപ്പിച്ചിട്ടുള്ളവർ. പൊതുജീവിതവും ഭരണസംവിധാനവും സുതാര്യവും ജനവിശ്വാസം നിലനിർത്തുന്നതുമാകണമെന്ന് ഹർജിക്കാർ ആഗ്രഹിക്കുന്നു. മറ്റുള്ളവർ പാലിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യം ഹർജിക്കാർ എത്രത്തോളം സ്വയംപാലിക്കുന്നുണ്ട്. അത് ഒരു സത്യവാങ്മൂലമായി സമർപ്പിക്കാ’മെന്നുമാണ് കോടതി നിർദേശിച്ചത്. പൊതുതാൽപ്പര്യ ഹർജിയിലെ വാദികളോട് ഉന്നത നീതിപീഠം ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്നാണ് നിയമവിദഗ്ധർ പറയുന്നത്. വിധിയോട് പ്രതികരിച്ച നിയമമന്ത്രി പി രാജീവും ഇത് തന്നെയാണ് പറഞ്ഞത്.
ടൈറ്റാനിയംമുതൽ പുനർജനിവരെയുള്ള അഴിമതിക്കേസ് നേരിടുന്നവരാണ് പ്രതിപക്ഷനേതാവും ചെന്നിത്തലയും ഉൾപ്പെടെയുള്ള യുഡിഎഫ് നേതൃത്വം. മറ്റുള്ളവരുടെ പേരിൽ അഴിമതി ആരോപിച്ച് സ്വയം പരിശുദ്ധരാകുന്ന യുഡിഎഫ് നേതൃത്വം ഇതോടെ സ്വയം പ്രതിക്കൂട്ടിലായി. ‘പ്രതിപക്ഷത്തിന് ഹൈക്കോടതിയുടെ അഭിനന്ദനം’, ‘കാമറ പദ്ധതിയിൽ കരാറുകാർക്ക് പണം നൽകുന്നത് തടഞ്ഞു’ എന്നിങ്ങനെ വസ്തുതാവിരുദ്ധ വാർത്തയെഴുതിയ മാധ്യമങ്ങൾ പക്ഷേ, വിധിയിലെ അഞ്ചാംഖണ്ഡിക തമസ്കരിച്ചു. കോടതി പരാമർശത്തിലെ അപൂർവത കൗതുക വാർത്തപോലുമായില്ല.