കണ്ണൂർ
കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകി കുടുങ്ങിയ ചരിത്രവുമുണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇ പി ജയരാജൻ വധശ്രമ ഗൂഢാലോചനക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് സുധാകരൻ വ്യാജസത്യവാങ്മൂലം സമർപ്പിച്ചത്. 1995ൽ രാജധാനി എക്സ്പ്രസിൽവച്ച് തനിക്കെതിരെ നടന്ന വധശ്രമത്തിന്റെ ഗൂഢാലോചന തൈക്കാട് ഗസ്റ്റ് ഹൗസിലായിരുന്നെന്നു കാണിച്ച് ഇ പി ജയരാജൻ ’97ൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സ്വകാര്യ അന്യായം ഫയൽചെയ്തു. കോടതി നിർദേശപ്രകാരം വഞ്ചിയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്ന് സുധാകരൻ എംഎൽഎയായിരുന്നു. തിരുവനന്തപരും പൊലീസ് കമീഷണറായിരുന്ന അരുൺകുമാർ സിൻഹയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അറസ്റ്റു ഭയന്ന് ചെന്നൈയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച സുധാകരനെ തലശേരിയിൽ വച്ചാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(മൂന്ന്)യിൽ ഹാജരാക്കിയ സുധാകരനെ റിമാൻഡുചെയ്തു. ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡിഅപേക്ഷയും കോടതി തള്ളി. ഇതിനെതിരെ സുധാകരന്റെ അഭിഭാഷകൻ സെഷൻസ് കോടതിയെ സമീപിച്ചു. സമാനമായ കേസിൽ ആന്ധ്ര ജില്ലാ കോടതിയിൽനിന്നും ഹൈക്കോടതിയിൽനിന്നും ജാമ്യം ലഭിച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ അഭിഭാഷകന്റെ വാദം.
ഇക്കാര്യം സത്യവാങ്മൂലമായി നൽകാമോ എന്നായി കോടതി. പിറ്റേന്ന് സത്യവാങ്മൂലവും സമർപ്പിച്ചു. ഇതു വിശ്വസിച്ച് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, സത്യവാങ്മൂലം വ്യാജമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ രേഖകൾ സഹിതം കോടതിയെ ബോധ്യപ്പെടുത്തി. ഇതോടെ ജാമ്യം റദ്ദാക്കിയ സെഷൻസ് ജഡ്ജി എം എ നിസാർ, സുധാകരനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഉത്തരവിട്ടു. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു. സെഷൻസ് കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കേസ് വീണ്ടും കേൾക്കാൻ തയ്യാറായില്ല. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിച്ചത്. സത്യവാങ്മൂലം വ്യാജമാണെങ്കിലും കുറ്റവിചാരണ ആവശ്യമില്ലെന്നായിരുന്നു വിധി. തിരുവനന്തപുരം വിട്ടുപോകരുതെന്ന ഉപാധിയോടെ ജാമ്യവും അനുവദിച്ചു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയപ്പോൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ വിധിയാണ് ശരിവച്ചത്. വ്യാജസത്യവാങ്മൂലം സമർപ്പിച്ചത് ഗുരുതര കുറ്റമാണെന്നും ഉത്തരവാദപ്പെട്ട എംഎൽഎയിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്തതാണെന്നും ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. കേസ് ഇപ്പോൾ ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ കുരുങ്ങിക്കിടക്കുകയാണ്.