വാഷിങ്ടൺ
നരേന്ദ്ര മോദിയുമായി നടത്തുന്ന ചർച്ചയിൽ ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യമൂല്യങ്ങളിലുള്ള പിന്നോട്ടുപോക്കും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് ഡെമോക്രാറ്റിക് എംപിമാർ. 75 ഭരണകക്ഷി എംപിമാര് ഈ ആവശ്യം ഉന്നയിച്ച് ബൈഡന് കത്തെഴുതി. വിഷയം ബെെഡൻ ചർച്ചയ്ക്കെടുക്കുമെന്നും എന്നാൽ മോദിയെ ഉപദേശിക്കാനാകില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ വ്യക്തമാക്കി.
സെനറ്റർ ക്രിസ് വാൻ ഹോളൻ, പ്രതിനിധിസഭാംഗവും ഇന്ത്യൻ വംശജയുമായ പ്രമീള ജയ്പാൽ എന്നിവരുടെ നേതൃത്വത്തിലാണ് എംപിമാർ കത്തയച്ചത്. മോദി സന്ദർശനത്തിന് മുന്നോടിയായി വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലും എംപിമാർ ഇന്ത്യയിലെ വിവിധ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉന്നയിച്ചു. കേന്ദ്രസർക്കാർ മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടത്, രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നത്, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിക്കണമെന്നാണ് എംപിമാരുടെ ആവശ്യം.
ഈ സന്ദർശനത്തിൽ ഇരു രാജ്യത്തിനുമിടയിൽ പ്രതിരോധ സഹകരണം, കച്ചവടം, നിർമിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ് എന്നിങ്ങനെ വിവിധ മേഖലകളിൽ ധാരണപത്രത്തിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിൽ വിവിധ മേഖലകളിൽ അമേരിക്കൻ കമ്പനികളുടെ നിക്ഷേപ പ്രഖ്യാപനവും ഉണ്ടായേക്കും. മൂന്നുദിവസ സന്ദർശനത്തിനായി ചൊവ്വ രാത്രിയാണ് മോദി വാഷിങ്ടണിൽ എത്തിയത്.