ലണ്ടൻ/പാരിസ്
യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിന് വമ്പൻ ജയം. ഏഴ് ഗോളിന് വടക്കൻ മാസിഡോണിയയെ തോൽപ്പിച്ചു. ഫ്രാൻസ് ഒരു ഗോളിന് ഗ്രീസിനെ മറികടന്നു. ബുക്കായോ സാക്കയുടെ ഹാട്രിക്കിലായിരുന്നു ഇംഗ്ലണ്ടിന്റെ തകർപ്പൻ മുന്നേറ്റം. തുടർച്ചയായ നാലാംജയത്തോടെ ജർമനിയിൽ അടുത്തവർഷം നടക്കുന്ന യൂറോ കപ്പിലേക്ക് ഇംഗ്ലണ്ട് അടുത്തു.
ആദ്യ അരമണിക്കൂറിൽ മികച്ച പ്രതിരോധവുമായി മാസിഡോണിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. എന്നാൽ, അരമണിക്കൂർ കഴിഞ്ഞതോടെ അവരുടെ കോട്ട തകർന്നു. ഹാരി കെയ്നിന്റെ ഗോളിലായിരുന്നു തുടക്കം. ഇംഗ്ലീഷ് ക്യാപ്റ്റൻ ഇരട്ടഗോൾ നേടി. ഇതോടെ ഇംഗ്ലണ്ട് കുപ്പായത്തിൽ 58 ഗോളും തികച്ചു. സാക്കയുടെ ആദ്യ ഗോൾ ഇടവേളയ്ക്ക് തൊട്ടുമുമ്പായിരുന്നു. രണ്ടാംപകുതിയിൽ ഹാട്രിക് പൂർത്തിയാക്കി. മാർകസ് റാഷ്ഫഡും കാൾവിൻ ഫിലിപ്സും മറ്റ് ഗോളുകൾ നേടി.
ഫ്രാൻസും തുടർച്ചയായ നാലാംജയമാണ് കുറിച്ചത്. ഗ്രീസിനെതിരെ സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ പെനൽറ്റി ഗോളിലായിരുന്നു ഫ്രാൻസിന്റെ ജയം. രണ്ടാംപകുതിയിൽ തുടക്കത്തിൽ ലക്ഷ്യംകണ്ടു. ഫ്രഞ്ച് കുപ്പായത്തിൽ 40–-ാംഗോളായിരുന്നു എംബാപ്പെയ്ക്ക്.
ഗ്രൂപ്പ് ബിയിൽ ഗ്രീസ് രണ്ടാമതാണ്. ഗ്രൂപ്പ് ഡിയിൽ വെയ്ൽസിനെ തുർക്കി രണ്ട് ഗോളിന് തോൽപ്പിച്ചു. തുർക്കിയാണ് പട്ടികയിൽ ഒന്നാമത്. നാല് കളിയിൽ നാല് പോയിന്റുമായി നാലാമതുള്ള വെയ്ൽസിന്റെ സാധ്യത ഏറെക്കുറെ മങ്ങി.