ബംഗളൂരു
സാഫ് കപ്പ് ഫുട്ബോളിന് ഇന്ന് ബംഗളൂരുവിൽ തുടക്കം. ഇന്ത്യ പാകിസ്ഥാനെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം. വിസ ശരിയാകാത്തതുകാരണം വരവ് വൈകിയ പാക് ടീം ഇന്ന് ഉച്ചകഴിഞ്ഞാണ് ബംഗളൂരുവിൽ എത്തുക. മണിക്കൂറിനുള്ളിൽ ആദ്യ കളിക്കിറങ്ങുകയും ചെയ്യും. ഉദ്ഘാടന മത്സരത്തിൽ പകൽ 3.30ന് കുവൈത്ത് നേപ്പാളിനെ നേരിടും. ആകെ എട്ട് ടീമുകളാണ്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. ജൂലൈ നാലിനാണ് ഫൈനൽ. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം.
മൗറീഷ്യസിൽ ടൂർണമെന്റ് കളിച്ച പാകിസ്ഥാന് തിങ്കൾ രാത്രിയാണ് വിസ ലഭിച്ചത്. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടിയതിനുപിന്നാലെയാണ് ഇന്ത്യ അടുത്ത പരീക്ഷണം നേരിടുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാഫ് കപ്പിൽ ഇന്ത്യ എട്ടുതവണ ജേതാക്കളായിട്ടുണ്ട്. 2021ൽ നടന്ന അവസാന ടൂർണമെന്റിൽ നേപ്പാളിനെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് കിരീടം. ഇന്ത്യയും പാകിസ്ഥാനും അഞ്ചുവർഷത്തിനിടെ ആദ്യമായാണ് സാഫ് കപ്പിൽ ഏറ്റുമുട്ടുന്നത്. 2018ലെ സെമിയിൽ ഇന്ത്യ 3–-1ന് ജയിച്ചു. ഇത്തവണ ടൂർണമെന്റ് ആവേശകരമാക്കാൻ കുവൈത്തിനെയും ലെബനനെയും അതിഥി ടീമുകളായി പങ്കെടുപ്പിക്കുന്നുണ്ട്. ഫിഫയുടെ സസ്പെൻഷനിലായതിനാൽ ശ്രീലങ്ക ടൂർണമെന്റിനില്ല. അഫ്ഗാനിസ്ഥാൻ സാഫിൽനിന്ന് പിന്മാറി സെൻട്രൽ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഭാഗമായി.
ഗ്രൂപ്പ് എ:
ഇന്ത്യ (101), പാകിസ്ഥാൻ (195), കുവൈത്ത് (143), നേപ്പാൾ (174).
ഗ്രൂപ്പ് ബി:
ലെബനൻ (99), മാലദ്വീപ് (154),
ഭൂട്ടാൻ (185), ബംഗ്ലാദേശ് (192).
ഇന്ത്യയുടെ മത്സരങ്ങൾ
ഇന്ന് രാത്രി 7.30ന്–-
പാകിസ്ഥാൻ
ജൂൺ 24 രാത്രി 7.30ന്–- നേപ്പാൾ
ജൂൺ 27 രാത്രി 7.30ന്–- കുവൈത്ത്
ജൂലൈ 1 സെമിഫൈനൽ
ജൂലൈ 4 ഫൈനൽ