കൊച്ചി
പുത്തൻവേലിക്കര പഞ്ചായത്തിലെ എളന്തിക്കര താഴഞ്ചിറ പാടശേഖരത്തിന്റെ ഭാഗമായ മുട്ടിക്കപാടത്ത് ഇപ്പോഴും കാണാം പുല്ലുമൂടിക്കിടക്കുന്ന വലിയൊരു കല്ല്. നാലു കൊല്ലംമുമ്പ് പറവൂർ എംഎൽഎ, ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് ആഘോഷപൂർവം ഇട്ട തറക്കല്ലാണിത്. ഭൂ–-ഭവനരഹിതരായ 12 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ വി ഡി സതീശൻ പ്രഖ്യാപിച്ച ‘പുനർജനി’ഫ്ലാറ്റ് പദ്ധതിയുടെ വഞ്ചനയുടെ പ്രതീകമാണിത്.
പുത്തൻവേലിക്കര ശാരദ വിദ്യാമന്ദിർ ട്രസ്റ്റ് സൗജന്യമായി നൽകിയ 15 സെന്റിൽ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി എന്ന അന്താരാഷ്ട്ര സംഘടനയുടെ സഹായത്തോടെ ഫ്ലാറ്റ് നിർമിക്കുമെന്നാണ് 2019 ജൂലൈ 13ന് കല്ലിട്ട് സതീശൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ ഈ ചിത്രം ഇപ്പോഴുമുണ്ട്. എന്നാൽ, കല്ലിടലിൽ പദ്ധതി അവസാനിപ്പിച്ചു. പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളുടെ അതിർത്തിയിലാണ് 15 ഏക്കറോളമുള്ള, ഇപ്പോഴും കൃഷിയിറക്കുന്ന മുട്ടിക്കപ്പാടം പാടശേഖരം. ഫ്ലാറ്റ് നിർമിക്കുമെന്ന് പാവങ്ങളെ പറഞ്ഞ് പറ്റിച്ചത് ഈ സ്ഥലം കാണിച്ചാണ്. വിദേശത്തുനിന്നടക്കം സഹായമെത്തുമെന്നു പറഞ്ഞു. നെൽവയൽ സംരക്ഷണ നിയമപ്രകാരം ഫ്ലാറ്റ് പണിയാൻ തടസ്സമുണ്ടെന്ന വാദമാണ് ഇപ്പോൾ സതീശൻ ഉയർത്തുന്നത്. അന്ന് പദ്ധതിക്ക് കല്ലിട്ടപ്പോൾ നിയമമുള്ളത് ഓർത്തില്ലേ എന്ന ചോദ്യമുയരുന്നുണ്ട്. പദ്ധതിയുടെ മറവിൽ സമീപത്തെ പാടശേഖരം നികത്താൻ ശ്രമമുണ്ടെന്ന് അന്നേ ആരോപണം ഉയർന്നതാണ്. റിയൽ എസ്റ്റേറ്റ് തട്ടിപ്പുകാരനായ സന്തോഷ് മാധവനടക്കം ഭൂമി വാങ്ങിയതും ഇതിനടുത്താണ്.
പദ്ധതി നടപ്പാക്കാതായപ്പോൾ, വിദേശത്തുപോയി പിരിച്ച പണമെവിടെ എന്ന ചോദ്യമുയർന്നു. പദ്ധതിയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്നും വീടുകളുടെ കണക്ക് പുറത്തുവിടുമെന്നും പറഞ്ഞ് സതീശൻ ഒഴിഞ്ഞുമാറി. പിന്നാലെ, എംഎൽഎയുടെ വെബ്സൈറ്റിലെ പുനർജനി എന്ന ലിങ്ക് അപ്രത്യക്ഷമായി. 2018ലെ പ്രളയബാധിതർക്ക് സന്നദ്ധസംഘടനകളും വ്യവസായ, വാണിജ്യസ്ഥാപനങ്ങളുമാണ് പറവൂരിൽ വീട് നിർമിച്ചുനൽകിയത്. ചോദ്യങ്ങൾ ഉയർന്നതോടെ വി ഡി സതീശൻ ഇത് പുനർജനിയുടെ അക്കൗണ്ടിലാക്കി തടിതപ്പാൻ നോക്കുകയാണ്.