തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിദേശത്തുപോയി പണപ്പിരിവിന് അനുമതി നൽകിയിട്ടില്ലെന്ന് വിദേശ മന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മന്ത്രാലയം ഈ മറുപടി നൽകിയത്. ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 2017–-2020 കാലത്ത് അനുമതി നൽകിയിട്ടുണ്ടോ എന്നായിരുന്നു കാതികുടം ആക്ഷൻ കൗൺസിൽ ചെയർമാൻ ജയ്സൻ പാനിക്കുളങ്ങരയുടെ ചോദ്യം. ഇല്ല എന്നാണ് മന്ത്രാലയം ഇതിന് മറുപടി നൽകിയത്.
വിദേശ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് താൻ പണപ്പിരിവ് നടത്തിയതെന്ന സതീശന്റെ വാദം ഇതോടെ പൊളിഞ്ഞു. ലഞ്ച് മീറ്റ് നടത്തിയാണ് പണപ്പിരിവ് നടത്തിയതെന്നാണ് സതീശൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതും ചട്ടം ലംഘിച്ചാണെന്നാണ് വിവരം. പ്രതിപക്ഷ നേതാവിനെ ന്യായീകരിച്ച് രംഗത്തുള്ള കോൺഗ്രസ് നേതാക്കളടക്കം ഈ രേഖകൾ പുറത്തുവന്നതോടെ മൗനത്തിലായി. പുനർജനി കേസിൽ പരാതിക്കാരനായ ജയ്സൻ പാനികുളങ്ങര രേഖകൾ വിജിലൻസിന് കൈമാറിയിട്ടുണ്ട്.
ചെക്കുമായി വന്ന
വനിതയാര് ?
ഉത്തരമില്ല
പുനർജനി പദ്ധതിക്കുള്ള കെട്ടുകണക്കിനു ചെക്കുകളുമായി ബർമിങ്ഹാമിൽനിന്ന് പറവൂരിലെത്തിയ സ്ത്രീ അജ്ഞാതയായി തുടരുന്നു. പ്രതിപക്ഷ നേതാവിനുവേണ്ടി ലഞ്ച് പാർടിവരെ സംഘടിപ്പിച്ചെന്ന് പറയപ്പെടുന്ന ഇവർ ആരെന്നാണ് എല്ലാവരും ചോദിക്കുന്നത്. വി ഡി സതീശനോ ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഇതിന് വ്യക്തമായ വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. ബർമിങ്ഹാമിൽനിന്ന് ഫണ്ട് പിരിക്കാൻ സഹായിച്ചത് തിരുവനന്തപുരം സ്വദേശിയായ വനിതയാണെന്നും അവരുടെ ഭർത്താവ് യുകെയിൽ ഡോക്ടറാണെന്നുമെല്ലാം സതീശൻ പറഞ്ഞെങ്കിലും ഇതാരെന്ന് പറഞ്ഞില്ല. പറവൂർ ടൗൺഹാളിലെത്തി സഹായവിതരണം നടത്തിയെന്ന് പറയുമ്പോഴും അങ്ങനെയൊരാളെ കണ്ടതായി ആരും ഓർക്കുന്നുമില്ല. ഇല്ലാത്ത വ്യക്തിയെ സതീശൻ സങ്കൽപ്പിച്ചുണ്ടാക്കിയതാണോ എന്നാണ് ജനം ചോദിക്കുന്നത്. അതോ വിവരങ്ങൾ പുറത്തു പറയാൻ കഴിയാത്തത്ര രഹസ്യസ്വഭാവമുള്ള വ്യക്തിയാണോ അതെന്നും പറയേണ്ട ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനുണ്ട്. അതിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് നടത്തുന്നത്.
കോൺഗ്രസ് നേതാവിനായി എംഎൽഎയുടെ റോഡ്
കോൺഗ്രസ് ബൂത്ത് പ്രസിഡന്റിനും കുടുംബത്തിനുംമാത്രമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ റോഡ് നിർമിച്ചതായി പരാതി. പറവൂർ മണ്ഡലത്തിലെ ചിറ്റാറ്റുകര പഞ്ചായത്ത് 11–-ാം വാർഡ് ചെറിയപല്ലംതുരുത്തിൽ അലുമിനിയം കമ്പനിയുടെ അടുത്തുള്ള ഫ്രണ്ട്സ് റോഡ് നിർമാണമാണ് വിവാദത്തിലായത്. പഞ്ചായത്ത് ഭരണസമിതി നിർദേശിച്ച റോഡുകൾ ഒഴിവാക്കിയാണ് എംഎൽഎ ഫണ്ടിൽനിന്ന് 1.97 ലക്ഷം രൂപ ചെലവഴിച്ചത്.
പ്രതിപക്ഷ നേതാവ് ടൈൽവിരിച്ച് നൽകിയ റോഡിന്റെ ഗുണഭോക്താക്കൾ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് രാജേഷ് ചാമ്പക്കലും സഹോദരങ്ങളുമാണ്. പഞ്ചായത്തിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്ത റോഡാണിത്. എംഎൽഎ ഫണ്ട് ദുർവിനിയോഗത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചിറ്റാറ്റുകര ഈസ്റ്റ് മേഖലാ പ്രസിഡന്റ് പി കെ നജാസ് വിജിലൻസിന് പരാതി നൽകി.
ഇതിനുസമീപത്തെ വേലംകടവ്––തട്ടുകടവ്, ഈരേപ്പാടം റോഡുകളുടെ നിർമാണത്തിന് എംഎൽഎ ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. ഇത് അവഗണിച്ചാണ് സ്വന്തം പാർടിക്കാർക്കായി പൊതുപണം വഴിവിട്ട് ചെലവഴിച്ചത്. ചിറ്റാറ്റുകര പഞ്ചായത്തിൽ ഒരുവീട് മാത്രമുള്ള പ്രദേശത്ത് പാടശേഖരത്തിലൂടെ റോഡ് നിർമിച്ചതും ജമാഅത്തെ ഇസ്ലാമിക്ക് ആംബുലൻസ് വാങ്ങാൻ എംഎൽഎ ഫണ്ട് അനുവദിച്ചതും നേരത്തേ വിവാദമായിരുന്നു.