ന്യൂഡൽഹി> ഉഷ്ണ തരംഗത്തിൽ ഉത്തർപ്രദേശിൽ ഇതുവരെ മരിച്ചത് 68പേർ. മൂന്നുദിവസത്തിനിടയിൽ ബല്ലിയ ജില്ലയിൽ മാത്രം 54പേർ മരിച്ചു. ബല്ലിയ ജില്ല ആശുപത്രിയിൽ നാനൂറോളം പ്രവേശിപ്പിച്ചു. പല ജില്ലകളിലും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ട് കടുത്ത പനി, ദഹന പ്രശ്നങ്ങൾ, കടുത്ത ശ്വാസം മുട്ടൽ തുടങ്ങി അസുഖങ്ങൾ ബാധിച്ചവരാണ് മരിച്ചത്. ഇതിനിടെ ബിഹാറിൽ സമാന സാഹചര്യത്തിൽ 49 പേർ മരിച്ചു. ചിലർ റോഡിൽ മരിച്ചുകിടക്കുകയായിരുന്നു.ബല്ലിയിലേയ്ക്ക് സർക്കാർ ആരോഗ്യസംഘത്തെ അയച്ചു. ഇരു സംസ്ഥാനങ്ങളിലുമായി 117 സാധാരണക്കാരാണ് കൊടുംചൂടിൽ മരിച്ചുവീണത്. ബല്ലിയയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 44.7 ഡിഗ്രി ചൂടാണ്. പുറം ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഇരകളാകുന്നത്.
അതിനിടെ ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നു. കൊടുംചൂടിൽ കൂളറുകൾ പോലും പലയിടത്തും ഒരുക്കിയിട്ടില്ല. ജൂൺ പന്ത്രണ്ട് മുതിലാണ് യുപിയിൽ ഉഷ്ണതരംഗം ശക്തിപ്രാപിച്ചത്. മുന്നറിയിപ്പുണ്ടായിട്ടും തയ്യാറെടുപ്പുകൾ സർക്കാർ നടത്തിയില്ലന്നും ഇത് കൂട്ടമരണത്തിലേയ്ക്ക് നയിച്ചുവെന്നും ആക്ഷേപം ശക്തമായി. 22വരെ താപനില 40ന് മുകളിൽ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബല്ലിയയ്ക്ക് പുറമേ ഗോരഖ്പൂർ, ഡോറിയ, , അസംഗഡ്, ജൗൻപൂർ, വാരണാസി, ചന്ദൗലി, മിർസാപൂർ, സോൻഭദ്ര, സന്ത് രവിദാസ് നഗർ, പ്രയാഗ്രാജ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ യുപിയിലും ഓറഞ്ച് അലർട്ടാണ്. ബിഹാറിൽ ആറ് ജില്ലയിലാണ് മുന്നറിയിപ്പ്.
അതിനിടെ ഗ്രാമ–-നഗര വ്യത്യാസമില്ലാതെ യുപിയിൽ വൈദ്യുതി വിതരണം പലയിടത്തും മുടങ്ങുകയാണ്. ഇത് ആശുപത്രികളിലടക്കം സ്ഥിതി ഗുരുതരമാക്കി.വിഷയത്തിൽ വൈദ്യുതി മന്ത്രിയെ അർധരാത്രി മുഖ്യമന്ത്രി ആദിത്യനാഥ് വിളിച്ചുവരുത്തിയിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങാനാണ് തീരുമാനം. ലഖ്നൗവിലടക്കം 24 മണിക്കൂർ വൈദ്യുതി നൽകാൻ കഴിയുന്നില്ല.
ചൊവ്വാഴ്ച കേന്ദ്രആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതലയോഗം ചേർന്നു. ഉഷ്ണതരംഗം ആഞ്ഞടിക്കുന്ന യുപിയടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്ക് ഉന്നതതല ആരോഗ്യസംഘത്തെ അയയ്ക്കാനും തീരുമാനിച്ചു. ഉഷ്ണതരംഗം ഏറ്റാൽ അപകടസാധ്യത കുറയ്ക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ ഐസിഎംആറിനും നിർദേശമുണ്ട്. കിഴക്കൻ യുപി, ഒഡീഷ, ജാർഖണ്ഡ്, തെലങ്കാന, തീരദേശ ആന്ധ്ര , കിഴക്കൻ മധ്യപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, വിദർഭ എന്നിവിടങ്ങളിൽ ഉഷ്ണ തരംഗം തുടരുകയാണ്.