തിരുവനന്തപുരം> മോൻസൺ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട് നിഷ്കളങ്കനും നിരപരാധിയും ചമയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ചെന്നൈ യാത്രകളും കൊലപാതക ഗൂഢാലോചനകളിലുള്ള പങ്കാളിത്തവും വീണ്ടും ചർച്ചയാകുന്നു. വനംമന്ത്രിയായിരിക്കെ കെ സുധാകരൻ പതിനഞ്ചിലധികം തവണ സർക്കാർ ചെലവിൽ ചെന്നൈ യാത്ര നടത്തിയത് നിയമസഭയിലടക്കം ചർച്ചയായിരുന്നു. കണ്ണൂർ ഡിസിസി അംഗമായിരുന്ന പുഷ്പരാജന്റെ കാലുകൾ തല്ലിയൊടിച്ച സംഭവത്തിന് ഇതുമായി ബന്ധമുണ്ടെന്നും ആക്ഷേപമുയർന്നു.
2001–-2004 കാലത്ത് ആന്റണിയുടെ മന്ത്രിസഭയിലിരിക്കെ കെ സുധാകരന്റെ യാത്രകളും ഗുണ്ടാവിളയാട്ടവും വാർത്തയായിരുന്നു. ഇപ്പോൾ ‘ദൈവം ചോദിക്കും’ എന്നുപറഞ്ഞ് മഹാൻ ചമഞ്ഞാലും മുമ്പുനടന്ന ചോരക്കഥകളുടെ ചരിത്രവും മാഞ്ഞുപോകില്ല. എത്രയെത്ര രാഷ്ട്രീയ കൊലപാതകങ്ങളുടെ മുന്നിലും പിന്നാമ്പുറങ്ങളിലും നിന്നയാളാണ്.
സിപിഐ എം നേതാവ് ഇ പി ജയരാജനെ വധിക്കാനായി ട്രെയിനിൽവച്ച് വെടിവച്ച സംഭവത്തിൽ സുധാകരന് പങ്കുണ്ടെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. 1995ൽ ചണ്ഡീഗഢിൽ നടന്ന പാർടി കോൺഗ്രസിൽ പങ്കെടുത്ത് രാജധാനി എക്സ്പ്രസിൽ മടങ്ങവെ ആന്ധ്രപ്രദേശിലെ ചിരാലയിൽവച്ച് അക്രമികൾ ജയരാജന്റെ പിൻകഴുത്തിൽ വെടിവയ്ക്കുകയായിരുന്നു. നാൽപ്പാടി വാസുവിനെ വെടിവച്ചുകൊന്നതും സേവറി ഹോട്ടലിൽ ചോറ് വിളമ്പിക്കൊണ്ടിരിക്കെ നാണുവിനെ ബോംബെറിഞ്ഞ് കൊന്നതും അന്തരിച്ച എംഎൽഎ ടി കെ ബാലന്റെ വീടിന് ബോംബെറിഞ്ഞ് മകന്റെ കണ്ണ് പൊട്ടിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങളിലും സംശയത്തിന്റെ ചൂണ്ടുവിരൽ സുധാകരനു നേരെയുണ്ട്.