തിരുവനന്തപുരം> മാധ്യമപ്രവർത്തകർ, അവരല്ലാതായി മാറുന്നത് എങ്ങനെ എന്നതിന്റെ ദൃഷ്ടാന്തമായി രണ്ടു ദിവസങ്ങളിലായി നടന്ന വാർത്താസമ്മേളനങ്ങൾ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ഞായറാഴ്ചയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ തിങ്കളാഴ്ച രണ്ടു തവണയായും തലസ്ഥാനത്തെ ഒരു വിഭാഗം മാധ്യമപ്രവർത്തകർ ‘നേരിട്ടത്’ മാധ്യമ പ്രവർത്തകർ എന്ന മേലങ്കി അഴിച്ചുവച്ച്. ഉള്ളിലെ ഇടതുവിരുദ്ധ, സർക്കാർ വിരുദ്ധ രാഷ്ട്രീയമാണ് അവരിൽ ചോദ്യങ്ങളായി തിളച്ചുപൊന്തിയത്.
സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച ‘നേതാക്കൾക്കൊപ്പം’ പരിപാടിയിലാണ് ക്ഷണമനുസരിച്ച് എം വി ഗോവിന്ദൻ എത്തിയത്. ഒരു മണിക്കൂർ നീണ്ട മുഖാമുഖത്തിൽ യുഡിഎഫിന്റെ മുന്നണിപ്പോരാളികളായാണ്, നിഷ്പക്ഷരെന്ന് സ്വയം പറയുന്ന മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ പെരുമാറിയത്. സാമ്പത്തിക തിരിമറി അടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന പ്രതിപക്ഷ നേതാവ് തൊട്ടുമുമ്പത്തെ ദിവസം ഇതേ പരിപാടിക്കെത്തിയപ്പോൾ ‘സുഖിപ്പിക്കൽ’ ചോദ്യങ്ങൾമാത്രം ഉന്നയിച്ച മാധ്യമപ്രവർത്തകരാണ് എം വി ഗോവിന്ദനെ കണ്ടപ്പോൾ തനിനിറം കാട്ടിയത്. എന്നാൽ, മുഖാമുഖത്തിലെ അസുഖകരമായ എല്ലാ ചോദ്യങ്ങൾക്കും ശക്തമായ ഭാഷയിൽ എം വി ഗോവിന്ദൻ മറുപടി നൽകി. എന്നാൽ, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാകട്ടെ വാക്കുകൾ വളച്ചൊടിച്ചും സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയുമായിരുന്നു.
തിങ്കളാഴ്ച രണ്ടുതവണ പി എം ആർഷോയെ സമീപിച്ച ഇതേ മാധ്യമപ്രവർത്തകർ ‘കെഎസ്യു നേതാക്കളായി’ മാറുന്ന കാഴ്ചയായിരുന്നു. കെഎസ്യു സംസ്ഥാന കൺവീനർ കേരള സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച സംഭവം നിങ്ങൾ അറിഞ്ഞില്ലേ എന്ന ആർഷോയുടെ മറുചോദ്യത്തിന് ഇവർക്ക് മറുപടിയുണ്ടായില്ല.