തിരുവനന്തപുരം> കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ദേശാഭിമാനിക്കെതിരെ ഉറഞ്ഞുതുള്ളുന്നതിനു പിന്നിൽ പുനർജനിയിലെ തട്ടിപ്പുകളും മോൻസൺ മാവുങ്കൽ ബന്ധങ്ങളും പുറത്തുവന്നതിലുള്ള അമർഷം. മഞ്ഞപ്പത്രമെന്ന് സതീശനും അശ്ലീലമെന്ന് സുധാകരനും ആക്ഷേപിക്കുന്നു.
നിരവധിപേരെ കൊള്ളയടിച്ച മോൻസൺ മാവുങ്കലിന്റെ ബംഗ്ലാവിൽ എട്ടു ദിവസം താമസിച്ചെന്ന് സുധാകരൻതന്നെ സമ്മതിച്ചിട്ടുണ്ട്. അനവധി തെളിവുകളും പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പുകളും പീഡനവും പതിവായി നടക്കുന്ന അതേ ബംഗ്ലാവിൽ സുധാകരൻ പതിവായി പോവുകയും താമസിക്കുകയും ചെയ്തത് എന്തിനാണ്? അത് ശ്ലീലവും റിപ്പോർട്ട് ചെയ്യുന്നത് അശ്ലീലവുമാണെന്നാണ് സുധാകരൻ പറയുന്നതിന്റെ പൊരുൾ.
പാവപ്പെട്ടവർക്ക് വീട് വയ്ക്കാനെന്നു പറഞ്ഞ് വിദേശത്തുപോയി അനുമതിയില്ലാതെ പണംപിരിച്ച് തട്ടിപ്പ് നടത്തിയതിനാണ് വി ഡി സതീശനെതിരെ വിജിലൻസ് കേസ്. അത് പുറത്തുകൊണ്ടുവന്നതോടെയാണ് സതീശന്റെ ഹാലിളക്കം. അപ്പോൾ ദേശാഭിമാനി മഞ്ഞപ്പത്രമായി. ഇതേ സതീശൻതന്നെയാണ് ഒട്ടും ഉളുപ്പില്ലാതെ അധിക്ഷേപ വാർത്തകൾക്ക് നിരവധി കേസുകൾ നേരിടുന്ന ‘മറുനാടൻ മലയാളി’ എന്ന ഓൺലൈൻ മാധ്യമത്തെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയതും.
ദേശാഭിമാനി പാർടിക്കാർ കത്തിക്കുമെന്ന് ആറുവർഷംമുമ്പ് സതീശൻ പൊട്ടിത്തെറിച്ചത് കോൺഗ്രസ് നേതാക്കളുടെ ആർഎസ്എസ് ബന്ധം തുറന്നുകാണിച്ചപ്പോഴാണ്. വോട്ടിനായി ആർഎസ്എസ് കാര്യാലയം നിരങ്ങുകയും ഗോൾവാൾക്കറെപ്പോലുള്ള സംഘപരിവാർ ആചാര്യന്മാരുടെ അനുസ്മരണ പരിപാടികൾക്ക് ദീപം തെളിക്കുകയും ചെയ്യുന്ന നേതാക്കൾക്ക് ദേശാഭിമാനി വാർത്ത കാണുമ്പോൾ അരിശമുണ്ടാവുക സ്വാഭാവികം.
ദേശാഭിമാനി വയനാട് ലേഖകനെതിരെ വി ഡി സതീശൻ ഉറഞ്ഞുതുള്ളി പുലഭ്യം പറഞ്ഞിട്ട് അധികം നാളായിട്ടില്ല. ചോദ്യങ്ങൾ ഇഷ്ടപ്പെടാത്തതിലുള്ള അരിശം. ഒരേസമയം മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയും തങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകളും ചോദ്യങ്ങളും വരുമ്പോൾ മഞ്ഞയെന്നും അശ്ലീലമെന്നും ആക്ഷേപിക്കുന്നതും കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.