തിരുവനന്തപുരം> കാമറകളെ ഭയന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വെള്ളം കുടിക്കാൻ തയ്യാറായില്ലെന്ന് പറഞ്ഞ് മനോരമ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ അടിക്കുറിപ്പ് പെരുംനുണ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച ‘നേതാക്കളോടൊപ്പം’ പരിപാടിയിൽ പങ്കെടുക്കവെയുള്ള ചിത്രമാണ് വസ്തുതയ്ക്ക് നിരക്കാത്ത അടിക്കുറിപ്പോടെ നൽകിയത്.
പരിപാടി പൂർത്തിയായപ്പോൾ ടേബിളിൽ വച്ചിരുന്ന വെള്ളമെടുക്കാൻ എം വി ഗോവിന്ദൻ ഗ്ലാസിൽ തൊട്ടപ്പോൾ ചൂടുവെള്ളമല്ലെന്ന് തോന്നി. ചൂടുവെള്ളമല്ല അല്ലേ എന്ന് വേദിയിലുണ്ടായിരുന്ന കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റുകൂടിയായ മനോരമയിലെ സാനു ജോർജിനോട് ചേദിച്ചു. അല്ല എന്ന് സാനു ജോർജിന്റെ മറുപടി. ചൂടുവെള്ളം എടുക്കണോയെന്ന് ജില്ലാ സെക്രട്ടറി അനുപമ ജി നായരും ചോദിച്ചു. ഇനി വേണ്ട എന്നു പറഞ്ഞ് എം വി ഗോവിന്ദൻ വേദിവിട്ടിറങ്ങി.
വാർത്താ സമ്മേളനത്തിൽ ഏറ്റവുമധികം ചോദ്യം ചോദിച്ച ഏഷ്യാനെറ്റ് ലേഖികയോടുൾപ്പെടെ സൗഹൃദ സംഭാഷണം നടത്തിയശേഷമാണ് അദ്ദേഹം ഹാളിൽനിന്ന് ഇറങ്ങിയത്. എന്നാൽ, മനോരമയുടെ ഫോട്ടോഗ്രാഫർ എം വി ഗോവിന്ദൻ വെള്ളമെടുക്കാൻ ശ്രമിച്ച ചിത്രത്തിന് നൽകിയ അടിക്കുറിപ്പിൽ പെരുംനുണയാണ് എഴുതിയത്. ‘‘വെള്ളം തൊടാതെ: തിരുവനന്തപുരത്തെ മുഖാമുഖം പരിപാടിക്കുശേഷം മേശമേൽ ഇരുന്ന വെള്ളം കുടിക്കാൻ കൈ നീട്ടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെട്ടെന്നാണ് ക്യാമറകൾ ക്ലിക്ക് ചെയ്യുന്ന ശബ്ദം കേൾക്കുന്നത്. അതോടെ വെള്ളം കുടിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.’’ പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണമായൊരു സന്ദർഭത്തെ എങ്ങനെ വക്രീകരിക്കാമെന്നാണ് മനോരമ നോക്കിയത്.
കെയുഡബ്ല്യുജെയുടെ ജില്ലാ പ്രസിഡന്റായ സ്വന്തം സ്ഥാപനത്തിലെ സഹപ്രവർത്തകനോട് എന്താണ് കാര്യമെന്ന് ചോദിച്ചിരുന്നെങ്കിൽ മനോരമ ഫോട്ടോഗ്രാഫർക്ക് ഇങ്ങനെ നുണ അടിക്കുറിപ്പോടെ ആ ചിത്രം നൽകാനാകുമായിരുന്നില്ല. അടിക്കുറിപ്പിൽ നുണ ഇല്ലായിരുന്നെങ്കിൽ മനോരമ ആ ചിത്രം പ്രസിദ്ധീകരിക്കുകയുമില്ലായിരുന്നു.