ഭുവനേശ്വർ> മലയാളി അത്ലീറ്റ് ജിൻസൺ ജോൺസൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ട്രാക്കിലിറങ്ങും. കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ മൂന്ന് മിനിറ്റ് 42.77 സെക്കൻഡിൽ സ്വർണം നേടി. ഉത്തർപ്രദേശിന്റെ അജയ്കുമാർ സരോജിനാണ് വെള്ളി. ഈയിനത്തിൽ 3:47.84 സെക്കൻഡാണ് സെപ്തംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള യോഗ്യതാ സമയം. ഫൈനലിൽ അണിനിരന്ന 12 അത്ലീറ്റുകളിൽ 11 പേരും ഈ സമയം മറികടന്നു. മികച്ച സമയമുള്ള രണ്ടുപേർക്കാണ് ചൈനയ്ക്കുള്ള ടിക്കറ്റ്. മീറ്റിന്റെ അവസാനദിവസം കേരളത്തിന് മൂന്ന് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും കിട്ടി. അഞ്ചുദിവസത്തെ മീറ്റിലാകെ അഞ്ച് സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവും.
പുരുഷന്മാരുടെ ലോങ്ജമ്പിൽ എം ശ്രീശങ്കർ 8.29 മീറ്റർ ചാടി സ്വർണം സ്വന്തമാക്കി. ദേശീയ റെക്കോഡുകാരൻ തമിഴ്നാടിന്റെ ജസ്വിൻ ആൽഡ്രിൻ (7.98) രണ്ടാമതായി. പി ഡേവിഡിനാണ് (7.94) വെങ്കലം. കേരളത്തിന്റെ മുഹമ്മദ് അനീസ് യഹിയ 7.91 മീറ്ററോടെ നാലാമതായി. പ്രാഥമിക റൗണ്ടിൽ ശ്രീശങ്കർ 8.41 മീറ്റർ ചാടി ലോക ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയിരുന്നു. ആ പ്രകടനം ഫൈനലിൽ ആവർത്തിക്കാനായില്ല. ആദ്യ ചാട്ടം 8.03 മീറ്ററാണ് രണ്ടാമത്തേതാണ് സ്വർണച്ചാട്ടം. ബാക്കി നാലും ഫൗളായി. ജസ്വിന്റെ നാല് ചാട്ടവും പിഴച്ചു. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽസിങ്ങ് ടൂർ 21.77 മീറ്റർ എറിഞ്ഞ് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് പുതുക്കി. ലോക ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും യോഗ്യതയായി. കർണാടകത്തിന്റെ പി യശസും (49.37) തമിഴ്നാടിന്റെ ടി സന്തോഷ്കുമാറും (49.52) 400 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ ഗെയിംസ് യോഗ്യത നേടി. കേരളത്തിന്റെ എം പി ജാബിറിന് (50.40) മൂന്നാംസ്ഥാനം. വനിതകളിൽ തമിഴ്നാടിന്റെ ആർ വിദ്യാരാജും (56.01) കർണാടകത്തിന്റെ സിഞ്ചൽ കാവേരമ്മയും (56.76) ആദ്യ രണ്ട് സ്ഥാനവുമായി ഏഷ്യൻ ഗെയിംസിന് ടിക്കറ്റെടുത്തു. കേരളത്തിന്റെ ആർ അനു 58.13 സെക്കൻഡിൽ മൂന്നാമതായി.
വനിതകളുടെ 800 മീറ്ററിൽ ചന്ദ (ഡൽഹി), ഹർമിലൻ ബെയ്ൻസ് (പഞ്ചാബ്), കെ എം ദീക്ഷ (മധ്യപ്രദേശ്) എന്നിവർക്ക് യോഗ്യതയുണ്ട്. 200 മീറ്ററിൽ ഒഡിഷയുടെ ശ്രബാനി നന്ദയ്ക്കാണ് സ്വർണം. കേരളത്തിന്റെ പി ഡി അഞ്ജലി വെങ്കലം കരസ്ഥമാക്കി. ഹാമർത്രോയിൽ ഉത്തർപ്രദേശുകാരായ കെ എം രചനയും തന്യചൗധരിയും ആദ്യ രണ്ട് സ്ഥാനവും ഗെയിംസ് യോഗ്യതയും ഉറപ്പാക്കി. ജാവലിൻത്രോയിൽ അന്നുറാണി 58.22 മീറ്റർ എറിഞ്ഞ് സ്വർണവും ചൈനയ്ക്കുള്ള ടിക്കറ്റും സ്വന്തമാക്കി. ഷോട്ട്പുട്ടിൽ കിരൺ ബലിയൻ (ഉത്തർപ്രദേശ്), മൻപ്രീത് കൗർ (ഹരിയാന), ആഭ ഖാട്ടുവ (മഹാരാഷ്ട്ര) എന്നിവർക്ക് യോഗ്യതയുണ്ട്. ഹൈജമ്പിൽ ഹരിയാനയുടെ പൂജ യോഗ്യതയും സ്വർണവും കരസ്ഥമാക്കി.
പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ അസമിന്റെ അലെൻ ബോർഗോഹെയ്ൻ മീറ്റ് റെക്കോഡോടെ (20.71) സ്വർണം നേടി. പോൾവോൾട്ടിൽ തമിഴ്നാടിന്റെ എ ശിവ 5.11 മീറ്ററിൽ സ്വർണം ചാടിയെടുത്തു. കേരളത്തിന്റെ എ കെ സിദ്ധാർഥിന് (4.80) വെങ്കലമുണ്ട്. നീരജ് ചോപ്രയില്ലാത്ത ജാവലിൻത്രോയിൽ ആദ്യ മൂന്ന് സ്ഥാനക്കാർ യോഗ്യതാ ദൂരം മറികടന്നു. ഉത്തർപ്രദേശിന്റെ രോഹിത് യാദവിനാണ് (83.28 മീറ്റർ) സ്വർണം. പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേയിൽ തമിഴ്നാട് അവസാന നിമിഷം കേരളത്തെ പിന്തള്ളി. എം മുഹമ്മദ് അനസ്, ജെ റിജോയ്, വി മുഹമ്മദ് അജ്മൽ, രാഹുൽ ബേബി എന്നിവർക്കാണ് വെള്ളി. വനിതകളിൽ കേരളം നാലാമതായി. തമിഴ്നാട്, പഞ്ചാബ്, ഡൽഹി ടീമുകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.















