ഭുവനേശ്വർ> വനിതകളുടെ ലോങ്ജമ്പ് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. കേരളത്തിന്റെ ആൻസി സോജൻ 6.51 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ ഉത്തർപ്രദേശുകാരി ശൈലി സിങ് 6.49 മീറ്ററിൽ വെള്ളിയായി. ആന്ധ്രയുടെ ഭവാനി യാദവ് 6.44 മീറ്റർ ചാടി വെങ്കലം നേടി.
കേരളത്തിന്റെ നയന ജയിംസ് 6.41 മീറ്റർ ചാടി നാലാമതായി. വി നീനയ്ക്ക് താണ്ടാനായത് 6.14 മീറ്റർ. സ്വർണത്തിനായി ആൻസിയും ശൈലിയും തമ്മിലായിരുന്നു പ്രധാന മത്സരം. ദേശീയ റെക്കോഡുകാരി ഒളിമ്പ്യൻ അഞ്ജുവും ഭർത്താവ് ബോബി ജോർജും പരിശീലിപ്പിക്കുന്ന പത്തൊമ്പതുകാരി ശൈലി ഏപ്രിലിൽ 6.76 മീറ്റർ ചാടിയിരുന്നു. അഞ്ജുവിന്റെ പേരിലുള്ള ദേശീയ റെക്കോഡ് 6.83 മീറ്ററാണ്.
തൃശൂർക്കാരി ആൻസി 5.87 മീറ്റർ ചാടിയാണ് തുടങ്ങിയത്. തുടർന്ന് 6.36, 6.16, 6.44 മീറ്റർ മറികടന്നു. അഞ്ചാമത്തേതാണ് സ്വർണച്ചാട്ടം, 6.51 മീറ്റർ. അവസാന ചാട്ടം 6.41 മീറ്റർ. യോഗ്യതാമത്സരത്തിൽതന്നെ ഇരുപത്തിരണ്ടുകാരി ഏഷ്യൻ ഗെയിംസ് യോഗ്യതാ ദൂരമായ 6.45 മീറ്റർ മറികടന്നിരുന്നു. ശൈലിയും ആൻസിയും സെപ്തംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കും. ശൈലിയുടെ ആദ്യചാട്ടം 5.90 മീറ്ററായിരുന്നു. രണ്ടും ആറും ചാട്ടങ്ങൾ 6.49 മീറ്ററായി. 5.88, 6.32, 6.47എന്നിങ്ങനെയാണ് മറ്റ് ചാട്ടങ്ങൾ.















