എഡ്ജ്ബാസ്റ്റൺ
ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെയും ഉസ്മാൻ ഖവാജയുടെയും വീരോചിത പ്രകടനം ആഷസിൽ ഓസീസിന് മിന്നുന്ന ജയമൊരുക്കി. ആഷസ് പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് വിക്കറ്റിന്റെ ആവേശകരമായ ജയമാണ് ഓസീസ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഒരു ഘട്ടത്തിൽ തോൽവിയെ അഭിമുഖീകരിച്ച ഓസീസിനെ കമ്മിൻസും (73 പന്തിൽ 44) സ്പിന്നർ നതാൻ ല്യോണും (28 പന്തിൽ 16) ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ ഈ സഖ്യം വേർപിരിയാതെ 55 റണ്ണെടുത്തു. ആദ്യ ഘട്ടത്തിൽ ഖവാജയുടെ (197 പന്തിൽ 65) ഒറ്റയാൾ പ്രകടനമാണ് ലോകചാമ്പ്യൻമാരെ കാത്തത്.
സ്കോർ: ഇംഗ്ലണ്ട് 8–-393 ഡി., 273; ഓസീസ് 386, 8–-282
മഴകാരണം ഏകദേശം നാല് മണിക്കൂർ വൈകിയാണ് എഡ്ജ്ബാസ്റ്റണിൽ കളി ആരംഭിച്ചത്. 281 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് അഞ്ചാംദിനം 3–-107 റണ്ണെന്ന നിലയിലാണ് കളി തുടങ്ങിയത്. ഖവാജയും രാത്രി കാവൽക്കാരൻ സ്കോട്ട് ബോളണ്ടുമായിരുന്നു ക്രീസിൽ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഈ സഖ്യത്തെ വേർപിരിക്കാൻ പല തന്ത്രങ്ങളും പയറ്റി. ഓസീസിന്റെ റണ്ണൊഴുക്ക് വറ്റി. ഒടുവിൽ അഞ്ചാംദിനത്തിലെ എട്ടാം ഓവറിൽ ബ്രോഡ് ബോളണ്ടിനെ (20) മടക്കി. തുടർന്നെത്തിയ ട്രവിസ് ഹെഡിന് പിടിച്ചുനിൽക്കാനായില്ല. വിരലിന് പരിക്കേറ്റത് വകവയ്ക്കാതെ പന്തെറിയാനെത്തിയ മൊയീൻ അലി ഹെഡിനെ (24 പന്തിൽ 16) സ്ലിപ്പിൽ ജോ റൂട്ടിന്റെ കൈയിലെത്തിച്ചു.ഖവാജ അപ്പോഴും ഇംഗ്ലണ്ടിനെ അസ്വസ്ഥപ്പെടുത്തി. ക്ഷമയോടെ ബാറ്റ് ചെയ്ത ഈ ഇടംകൈയൻ ബാറ്റർ മോശംപന്തുകളെമാത്രം ശിക്ഷിച്ചു. കാമറൂൺ ഗ്രീനുമായി ചേർന്ന് ഓസീസിന് പ്രതീക്ഷ നൽകി. ഇതിനിടെ അരസെഞ്ചുറിയും പൂർത്തിയാക്കി.
ഓസീസ് കളിപിടിക്കുമെന്ന ഘട്ടത്തിലായിരുന്നു റോബിൻസണിലൂടെ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നത്. ചായക്കുശേഷമുള്ള അഞ്ചാം ഓവറിൽ റോബിൻസൺ ഗ്രീനിന്റെ (28) കുറ്റിപിഴുതു. പിന്നാലെ ഖവാജയെ സ്റ്റോക്സിന്റെ കൗശലം വീഴ്ത്തി. ഇംഗ്ലീഷ് ക്യാപ്റ്റന്റെ വേഗംകുറഞ്ഞ പന്ത് കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ സ്റ്റമ്പ് തകർന്നു. 7–-209 റണ്ണെന്ന നിലയിലായിരുന്നു ഓസീസ് അപ്പോൾ. അലെക്സ് കാരിയെ (20) റൂട്ടും മടക്കി. ഓസീസ് സ്കോർ 8–-227. രണ്ട് വിക്കറ്റ് ശേഷിക്കെ ഓസീസിന് ജയിക്കാൻ 54 റൺ. കമ്മിൻസും ല്യോണും വിട്ടുകൊടുത്തില്ല. ഒടുവിൽ റോബിൻസണെ ബൗണ്ടറി പായിച്ച് കമ്മിൻസ് ഓസീസിനെ ജയത്തിലെത്തിച്ചു.