റോട്ടർഡാം> ഒരുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം. വിശ്വ ഫുട്ബോളിൽ സ്പെയ്നിന്റെ ഉയർത്തേഴുന്നേൽപ്പ്. ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ കീഴടക്കി യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടമുയർത്തി (5–-4). 11 വർഷത്തിനുശേഷമാണ് മുൻ ലോകചാമ്പ്യൻമാർ രാജ്യാന്തരവേദിയിൽ ഒരു നേട്ടം സ്വന്തമാക്കുന്നത്. ആദ്യ ട്രോഫി കൊതിച്ചെത്തിയ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യക്കാകട്ടെ ഇനിയും കാത്തിരിക്കണം.
2010ൽ ലോകകപ്പും 2012ൽ യൂറോ കപ്പും ചൂടിയ സ്പെയ്നിന് പിന്നീട് തിരിച്ചടികളായിരുന്നു. ‘ടിക്കി ടാക്ക’ എന്ന പേരുകേട്ട കളിശൈലിയുമായാണ് ലോകം കീഴടക്കിയത്. എന്നാൽ, എതിരാളികൾ അതിന് മറുതന്ത്രങ്ങൾ കണ്ടെത്തിയതോടെ സ്പാനിഷ് സാമ്രാജ്യം വീണു. 2014 ലോകകപ്പിൽ ആദ്യ റൗണ്ടിലും 2016 യൂറോയിൽ പ്രീ ക്വാർട്ടറിലും മടങ്ങി. 2018 ലോകകപ്പിലും പ്രീ ക്വാർട്ടർ കടന്നില്ല. പിന്നീട് യൂറോയിൽ സെമിയിൽ എത്തിയെങ്കിലും ഇറ്റലിയോട് തോറ്റു. കഴിഞ്ഞ നേഷൻസ് ലീഗിൽ റണ്ണറപ്പായെങ്കിലും ഖത്തർ ലോകകപ്പിൽ വീണ്ടും നിരാശപ്പെടുത്തി. മൊറോക്കോയോട് പ്രീ ക്വാർട്ടറിൽ കീഴടങ്ങി. മുന്നേറ്റനിരയിൽ മികച്ച ഗോളടിക്കാരൻ ഇല്ലാത്തതാണ് തിരിച്ചടിക്ക് പ്രധാന കാരണമായത്. പന്തിൻമേൽ സമ്പൂർണ ആധിപത്യം നേടിയിട്ടും എല്ലാ കളിയിലും തോറ്റു.
ലോകകപ്പിനുശേഷം ചുമതലയേറ്റ ലൂയിസ് ഡെ ല ഫുയെന്റെയുടെ കീഴിൽ മെച്ചപ്പെട്ട പ്രകടനമാണ് സ്പെയ്ൻ നടത്തുന്നത്. ചെറുപാസിൽമാത്രം കാര്യമില്ലെന്ന് ഫുയെന്റെയ്ക്ക് ബോധ്യപ്പെട്ടു. ക്രൊയേഷ്യക്കെതിരെ ഫൈനലിൽ ലോങ്ബോളും ക്രോസുകളും കൂടുതലായി നൽകുന്ന സ്പെയ്നിനെയാണ് കണ്ടത്. കളിയുടെ വേഗം കുറയ്ക്കാതെ കൊണ്ടുപോകാനും കഴിഞ്ഞതോടെ കരുത്തരായ എതിരാളിയെ പിടിച്ചുനിർത്താനായി. സാവിയും ഇനിയേസ്റ്റയും ഡേവിഡ് വിയ്യയും പടിയിറങ്ങിയശേഷമുള്ള ഒഴിവ് നികത്താൻ പ്രാപ്തിയുള്ള മിടുക്കരായ യുവതാരങ്ങൾ വന്നതും ഗുണമായി. പതിനെട്ടുകാരൻ ഗാവി, ഇരുപതുകാരായ പെഡ്രി, അൻസു ഫാറ്റി, യെറെമി പിനോ എന്നിവർ ഭാവിയുടെ താരങ്ങളാണ്. ഇതിൽ പരിക്കേറ്റ മധ്യനിരക്കാരൻ പെഡ്രി സെമിയും ഫൈനലും കളിച്ചിരുന്നില്ല.
ക്രൊയേഷ്യക്കെതിരെ നിശ്ചിതസമയവും അധികസമയവും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. ഷൂട്ടൗട്ടിൽ ഗോൾകീപ്പർ ഉനായ് സിമോണാണ് സ്പെയ്നിന് ജയം സമ്മാനിച്ചത്. ലൊവ്റോ മയെറിന്റെയും ബ്രൂണോ പെറ്റ്കോവിച്ചിന്റെയും കിക്കുകൾ സിമോൺ രക്ഷപ്പെടുത്തി. സ്പെയ്ൻ നിരയിൽ ഐമെറിക് ലപോർട്ടമാത്രമാണ് കിക്ക് നഷ്ടപ്പെടുത്തിയത്. ഹൊസേലു, റോഡ്രി, മെെക്കേൽ മെറീനോ, മാർകോ അസെൻസിയോ, ഡാനി കാർവഹാൽ എന്നിവർ പെനൽറ്റികൾ ലക്ഷ്യത്തിലെത്തിച്ചു.















