ബംഗളൂരു> ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇനി സാഫ് കപ്പ് വെല്ലുവിളി. ബംഗളൂരുവിൽ നാളെമുതൽ ജൂലൈ നാലുവരെ നടക്കുന്ന 14–-ാമത് ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും ഒരേഗ്രൂപ്പിലാണ്. കുവൈത്തും നേപ്പാളും ‘എ’ ഗ്രൂപ്പിലുണ്ട്. നാളെ പകൽ 3.30ന് ഉദ്ഘാടനമത്സരത്തിൽ കുവൈത്ത് നേപ്പാളിനെയും രാത്രി 7.30ന് ഇന്ത്യ പാകിസ്ഥാനെയും നേരിടും. ‘ബി’ ഗ്രൂപ്പിൽ ലെബനൻ, മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ് ടീമുകളാണുള്ളത്.
വിസ ശരിയാകാത്തത് കാരണം പാകിസ്ഥാൻ ടീമിന്റെ വരവ് വൈകി. മൗറീഷ്യസിൽ ടൂർണമെന്റ് കളിച്ച ടീമിന് നിശ്ചയിച്ചപ്രകാരം പുറപ്പെടാനായില്ല. പ്രശ്നം പരിഹരിച്ചതായി സംഘാടകർ അറിയിച്ചു. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാഫ് കപ്പിൽ ഇന്ത്യ എട്ടുതവണ ജേതാക്കളായിട്ടുണ്ട്. 2021ൽ നടന്ന അവസാന ടൂർണമെന്റിൽ നേപ്പാളിനെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് കിരീടം. ഇത്തവണ ടൂർണമെന്റ് ആവേശകരമാക്കാൻ കുവൈത്തിനെയും ലെബനനെയും അതിഥി ടീമുകളായി പങ്കെടുപ്പിക്കുന്നുണ്ട്.















