കൊളംബിയയിലെ മെഡലിനിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന മലയാളി സ്പോർട്സ് സൈക്കോളജിസ്റ്റ് ഡോ. സോണി ജോൺ, വിഖ്യാത കൊളംബിയൻ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റയെ കണ്ടുമുട്ടിയതിന്റെ ആവേശം പങ്കിടുന്നു…
സ്വപ്നങ്ങളും ചിലപ്പോഴൊക്കെ സാക്ഷാൽക്കരിക്കപ്പെടുമെന്ന് ഉറപ്പായി. ഇന്ത്യൻ അമ്പെയ്ത്ത് ടീമിനൊപ്പം കൊളംബിയയിലെ മെഡലിനിൽ എത്തിയതുമുതലുള്ള ആഗ്രഹമായിരുന്നു ഹിഗ്വിറ്റയെ നേരിൽ കാണുകയെന്നത്. ഹോട്ടലിലും മത്സരങ്ങൾ നടക്കുന്ന മൈതാനത്തുമൊക്കെ പരിചയപ്പെട്ട കൊളംബിയക്കാരോട് അതിനുള്ള വഴി ആരാഞ്ഞു. ഒന്നും തരപ്പെടാതെ വന്നപ്പോൾ അദ്ദേഹം ഗോൾകീപ്പർ കോച്ചായി ജോലി ചെയ്യുന്ന മെഡലിനിലെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ ‘അത്ലറ്റികോ നാസ്യോനലി’ന് ഇ–-മെയിൽ അയച്ചു. അതിനും മറുപടിയുണ്ടായില്ല.
ഇന്ത്യൻ ടീമിന് കോമ്പൗണ്ട് വ്യക്തിഗതയിനത്തിൽ ശനി വൈകിട്ട് ഫൈനലുണ്ടായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ മുൻ ലോക ചാമ്പ്യൻ അഭിഷേക് വർമയായിരുന്നു മത്സരിക്കുന്നത്. ഉഗ്രൻ പോരാട്ടത്തിലൂടെ അഭിഷേക് അമേരിക്കൻ ഐക്യനാടുകളുടെ ജയിംസ് ലൂറ്റ്സിനെ പരാജയപ്പെടുത്തി സ്വർണം നേടി.
ആ സന്തോഷത്തിൽ തിരിച്ച് ഹോട്ടലിലെത്തിയതാണ്. അടയാൻ പോകുന്ന ലിഫ്റ്റിലേക്ക് പെട്ടെന്ന് കയറി അരികിലേക്ക് മാറിനിന്നു. തൊട്ടടുത്തുനിൽക്കുന്നയാളെ നോക്കിയപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ അത്ഭുതഭാവം കണ്ടിട്ടാകണം അദ്ദേഹമെന്നെ തോളോട് ചേർത്തുപിടിച്ചു. എന്റെ കണ്ണുകളിൽനിന്ന് സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. ഹിഗ്വിറ്റ എന്നെ ചേർത്തുപിടിക്കുന്നു. ലിഫ്റ്റിൽനിന്ന് അദ്ദേഹത്തോടൊപ്പം പുറത്തിറങ്ങി ഫോട്ടോയെടുത്തു. അതിനിടയിൽ ഒപ്പമുണ്ടായിരുന്ന ഇംഗ്ലീഷ് അറിയാവുന്ന സ്പാനിഷുകാരന്റെ സഹായത്തോടെ പ്രശസ്തമായ ‘ഹിഗ്വിറ്റ’എന്ന ചെറുകഥയെക്കുറിച്ചും എൻ എസ് മാധവൻ എന്ന എഴുത്തുകാരനെക്കുറിച്ചും പറഞ്ഞു.
കഥയെ ആസ്പദമാക്കി എന്റെ കോളേജിലെ വിദ്യാർഥികൾ ശശിധരൻ നടുവിലിന്റെ സംവിധാനത്തിൽ അവതരിപ്പിച്ച നാടകത്തെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാം കേട്ട് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നെ എന്നെ ചേർത്തുപിടിച്ചു. കൈ തന്ന് വീണ്ടും കാണാമെന്നു പറഞ്ഞ് ഒപ്പമുള്ള ശിഷ്യനൊപ്പം ഹോട്ടലിലെ ജിമ്മിലേക്ക് നടന്നു. കാഴ്ചയിൽനിന്ന് മറയുന്നതുവരെ ഞാൻ നോക്കിനിന്നു.
അപ്പോൾ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞത് 1990ലെ ലോകകപ്പ് നിമിഷമായിരുന്നു. ഗോൾമുഖം വിട്ട് കയറിക്കളിച്ച ഹിഗ്വിറ്റയെ കബളിപ്പിച്ച് കാമറൂണിന്റെ ഇതിഹാസതാരം റോജർ മില്ല നേടിയ ഗോൾ. അപ്പോൾ സ്ക്രീനിൽ തെളിഞ്ഞ ഹിഗ്വിറ്റയുടെ മുഖമായിരുന്നു.
റെനെ ഹിഗ്വിറ്റ
1987–-1999 കാലത്ത് കൊളംബിയൻ ഗോളി
ഗോൾമുഖം വിട്ടിറങ്ങുന്ന ഭ്രാന്തനായ ഗോളിയെന്ന് വിശേഷണം
ഇപ്പോൾ പ്രായം 56.