ന്യൂഡൽഹി> ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിന്റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ സമരം ചെയ്യുന്ന താരങ്ങൾ ഏഷ്യൻ ഗെയിംസിനുള്ള പരിശീലന ക്യാമ്പിലെത്തി. ഹരിയാനയിലെ സോനിപ്പത്തിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ക്യാമ്പിൽ ജൂൺ ഒമ്പതിന് വിനേഷ് ഫോഗട്ട് റിപ്പോർട്ട് ചെയ്തിരുന്നു. സഹോദരി ഗീത ഫോഗട്ടും വിനേഷിനൊപ്പം പരിശീലനം പുനരാരംഭിച്ചു.
നേരത്തേ ബ്രിജ് ഭൂഷണിന്റെ ശക്തികേന്ദ്രമായ ലഖ്നൗവിൽവച്ച് ക്യാമ്പ് നടത്താനാണ് തീരുമാനിച്ചത്. താരങ്ങൾ എതിർത്തതോടെയാണ് വനിതകളുടെ ക്യാമ്പ് സോനിപ്പത്തിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. ഹരിയാനയിലെ ബഹൽഗഡിലെ ക്യാമ്പിലാണ് ബജ്റംഗ് പൂനിയയും ജിതേന്ദ്രർ കിൻഹയും.
അതേസമയം, സമരത്തിന്റെ പശ്ചാത്തലത്തിൽ പരിശീലനമടക്കം മുടങ്ങിയതിനാൽ ടീം അംഗങ്ങളുടെ പേര് നൽകാനുള്ള സമയം നീട്ടിനൽകണമെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഏഷ്യൻ ഒളിമ്പിക്സ് കമ്മിറ്റിക്ക് കത്തുനൽകി. ആഗസ്ത് പത്തുവരെ സമയം നൽകണമെന്നാണ് ആവശ്യം. ബ്രിജ് ഭൂഷണിനെതിരെയുള്ള കുറ്റപത്രം പഠിച്ചശേഷം തുടർസമരം പ്രഖ്യാപിക്കുമെന്ന് നേരത്തേ താരങ്ങൾ വ്യക്തമാക്കിയിരുന്നു. ജൂലൈ ആറിനാണ് ഗുസ്തി ഫെഡറേഷൻ പ്രഡിഡന്റ് തെരഞ്ഞെടുപ്പ്.