കൊച്ചി
അക്ഷരങ്ങളുടെ മഹത്വം വിളിച്ചോതി ജില്ലയിൽ വായനദിനം ആചരിച്ചു. വിവിധ കോളേജുകളും സ്കൂളുകളും വായനശാലകളും വായനദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആലുവ യുസി കോളേജിൽ നടന്ന ജില്ലാ വായനപക്ഷാചരണം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ആലുവ യുസി കോളേജ് പ്രിൻസിപ്പൽ ഡോ. എം ഐ പുന്നൂസ് അധ്യക്ഷനായി.
‘കവിതയുടെ താളപ്രമാണങ്ങൾ’ വിഷയത്തിൽ കെ ബി രാജ് ആനന്ദ് പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി വായനദിനസന്ദേശം നൽകി. സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ സീമ കനകാംബരൻ, പ്രമോദ് മാല്യങ്കര, മിനി മാത്യു, തസ്മിൻ ഷിഹാബ് എന്നിവരെ ആദരിച്ചു.
എറണാകുളം മഹാരാജാസ് കോളേജ് മലയാളവിഭാഗവും ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും ഐക്യുഎസിയും ചേർന്ന് മഹാരാജാസിൽ സംഘടിപ്പിച്ച ദിനാചരണം സാഹിത്യകാരൻ രാംമോഹൻ പാലിയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള അധ്യക്ഷതവഹിച്ചു.
കൊച്ചിൻ പൊലീസ് ലൈബ്രറി നേതൃത്വത്തിലുള്ള ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണത്തോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ പുസ്തകക്കൂട് സ്ഥാപിച്ചു. ‘തുറന്ന ലൈബ്രറി തുറന്ന വായന’ എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ലൈബ്രറി ഈ പദ്ധതിക്ക് തുടക്കംകുറിച്ചത്. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി വൈ എൽസി ഉദ്ഘാടനം ചെയ്തു. കെ ഷിബുരാജ് അധ്യക്ഷനായി.