ന്യൂഡൽഹി> കേന്ദ്രസർക്കാർ 2021ലെ ഗാന്ധി സമാധാന പുരസ്കാരത്തിന് തെരഞ്ഞെടുത്തത് തീവ്രഹിന്ദുത്വ ആശയങ്ങളുടെയും ന്യൂനപക്ഷ–- ദലിത് വിരുദ്ധതയുടെയും പ്രചാരകർക്ക്. മതഗ്രന്ഥങ്ങൾ വ്യാപകമായി അച്ചടിച്ചതിനോടൊപ്പം വർഗീയ ആശയങ്ങൾ രാജ്യമാകെ പരത്താനും കൂട്ടുനിന്ന ഗോരഖ്പുരിലെ ഗീതാ പ്രസിനാണ് മോദി സർക്കാരിന്റെ ആദരവ്. നെൽസൻ മണ്ടേല, ആർച്ച് ബിഷപ് ടെസ്മണ്ട് ടുട്ടു എന്നിവരും രാമകൃഷ്ണ മിഷനും മുൻകാലങ്ങളിൽ അർഹമായ അവാർഡാണിത്.
ഗീതാ പ്രസിന്റെ മുഖമാസികയായ ‘കല്യാൺ’ മുൻ എഡിറ്റർ ഹനുമാൻ പ്രസാദ് പോഡറിനെ ഗാന്ധിവധത്തിന് പിന്നാലെ അറസ്റ്റു ചെയ്തിരുന്നു. മാത്രമല്ല, ഗാന്ധിവധത്തെക്കുറിച്ച് കല്യാൺ പൂർണ നിശ്ശബ്ദത പാലിക്കുകയും ചെയ്തു. പ്രസിന്റെ ഗോരഖ്പുർ ലൈബ്രറിയിലും ഗാന്ധിവധംസംബന്ധിച്ച് ഒരു രേഖയുമില്ല. ആർഎസ്എസ് നിരോധനത്തെയും പോഡർ ശക്തമായി എതിർത്തു. നിരോധനം നീങ്ങിയപ്പോൾ അടൽ ബിഹാരി വാജ്പേയിയുമായി ഗോരഖ്പുരിൽ വേദി പങ്കിടുകയും ജയിൽമോചിതനായ ഗോൾവാൾക്കർക്ക് ബനാറസിൽ നൽകിയ സ്വീകരണത്തിൽ അധ്യക്ഷനാവുകയും ചെയ്തു. ഗോൾവാൾക്കർ മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ട് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും കരിങ്കൊടി പ്രകടനം നടത്തി അറസ്റ്റ് വരിച്ചിരുന്നു. ദളിതരുടെ ക്ഷേത്രപ്രവേശനം സംബന്ധിച്ച ഗാന്ധിയുടെ നിലപാടിനെയും ഗീതാ പ്രസ് എതിർത്തിരുന്നു.
മനുഷ്യരാശിയുടെ കൂട്ടായ ഉന്നമനത്തിന് ഗീതാ പ്രസിന്റേത് സുപ്രധാനവും സമാനതകളില്ലാത്തതുമായ സംഭാവനയെന്ന് വാർത്താക്കുറിപ്പിലൂടെ അവകാശപ്പെട്ട സാംസ്കാരിക മന്ത്രാലയം, യഥാർഥ ഗാന്ധിയൻ മൂല്യങ്ങളുടെ വ്യക്തിവൽക്കരണം പ്രസ് നടത്തിയെന്നും അവകാശപ്പെടുന്നു. കേന്ദ്രസർക്കാരിന്റെ നടപടി പരിഹാസ്യമാണെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പ്രതികരിച്ചു. സവർക്കറിനും ഗാന്ധി ഘാതകൻ ഗോഡ്സെയ്ക്കും പുരസ്കാരം നൽകുന്നതിന് തുല്യമാണിതെന്നും അദ്ദേഹം വിമർശിച്ചു. വിവാദം ശക്തമായതോടെ പുരസ്കാര തുകയായ ഒരു കോടി സ്വീകരിക്കില്ലെന്ന് ഗീതാ പ്രസ് പ്രസ്താവനയിറക്കി.