ന്യൂഡൽഹി > അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം നൽകാനുള്ള അനുമതിയാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചു. മുഴപ്പിലങ്ങാട് പതിനൊന്ന് വയസുകാരൻ നിഹാൽ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് ഹർജി നൽകിയത്. ഹർജി വൈകാതെ അവധിക്കാല ബെഞ്ച് പരിഗണിക്കും.
കുട്ടികൾ അപകടകാരികളായ നായകൾക്ക് ഇരയാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്നുവെന്നും 2022ൽ മാത്രം ജില്ലാ പഞ്ചായത്ത് പരിധിയിൽ 11,776 പേർക്ക് കടിയേറ്റുവെന്നും ഹർജിയിൽ വ്യക്തമാക്കി. ഈ വർഷം ജൂൺ പത്തൊമ്പത് വരെ മാത്രം കടിയേറ്റത് 6267 പേർക്കാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കടുത്ത ശ്രമം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തെമ്പാടും. ജനങ്ങളുടെ ഭീതിയകറ്റാൻ ഹർജി അടിയന്തരസ്വഭാവത്തോടെ പരിഗണിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. 2022ൽ കോട്ടയത്ത് പന്ത്രണ്ട് വയുകാരൻ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടതും എടുത്തുപറഞ്ഞു. പി പി ദിവ്യയ്ക്കായി അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹർജി ഫയൽ ചെയ്തത്.