തിരുവനന്തപുരം > നിഖിൽ തോമസ് കലിംഗ സർവ്വകലാശാലയുടേതെന്ന് പറഞ്ഞ് സമർപ്പിച്ച ബികോം സർട്ടിഫിക്കറ്റ് വീണ്ടും പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എസ്എഫ്ഐ നടത്തിയ പരിശോധനയിൽ കേരള സർവകലാശാല നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ യഥാർഥമാണെന്ന് പറഞ്ഞത്. അവ ഒത്തുനോക്കുയാണ് ചെയ്തത്. ഇപ്പോൾ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും ആർഷോ പറഞ്ഞു.
കേരള സർവകലാശാല നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വ്യാജമല്ല. അതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്ന് ബോധ്യപ്പെട്ടത്. അറ്റൻഡൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളെകുറിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേരളത്തിന് പുറത്ത് പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകുകയും അറ്റൻഡൻസ് നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. അഡ്മിഷൻ ഏജന്റുകളായി പല മാഫിയകളും പ്രവർത്തിക്കുന്നുണ്ട്. നിഖിൽ ഇത്തരം മാഫിയകളിൽ അകപ്പെട്ടോ എന്ന് അന്വേഷിക്കും. വിഷയം ഉയർന്നു വന്നപ്പോൾ തന്നെ നിഖിലിനെ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. എസ്എഫ്ഐ നിഖിലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ആർഷോ പറഞ്ഞു.
കലിംഗ സർവകലാശാലയെ വിദേശത്ത് പലയിടത്തും നിരോധിച്ചിട്ടുണ്ട്. ഇത്തരം സർവകലാശാലകളിലേക്ക് വിദ്യാർഥികൾ എങ്ങനെ എത്തിപ്പെടുന്നു എന്ന് അന്വേഷിക്കണം. ഹാജർ ഇല്ലാതെ സർട്ടിഫിക്കറ്റ് നൽകുന്ന പല സർവകലാശാലകളുമുണ്ട്. അത് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കണം ആർഷോ കൂട്ടിച്ചേർത്തു.