തിരുവനന്തപുരം> നിഖിൽ തോമസിന്റെ എം കോം പ്രവേശനം സംബന്ധിച്ച് എംഎസ്എം കോളേജിന് ഗുരുതര വീഴ്ച പറ്റിയെന്ന് വെെസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. സംഭവത്തിൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ് അയക്കും. നോട്ടീസിൽ കോളേജ് പ്രിൻസിപൽ സർവ്വകലാശാലയിലെത്തി മറുപടി നൽകണം. ആ കോളേജിൽ ബി കോം തോറ്റ വിദ്യാർഥി എം കോമിന് ചേരാൻ ബികോം ജയിച്ചെന്ന സർട്ടിഫിക്കറ്റ് കാണിക്കുമ്പോൾ എന്തുകൊണ്ട് പരിശോധിച്ചില്ലെന്നും വി സി ചോദിച്ചു.
നിലവിൽ നിഖിൽ ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കും. കേരള സർവ്വകലാശാലയിൽ 75 ശതമാനം അറ്റൻഡൻസുള്ള ആൾ എങ്ങിനെ കലിംഗയിൽ പോയി പഠിച്ചു. കലിംഗ സർവ്വകലാശാല ഇങ്ങനൊരു സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിൽ പൊലീസിൽ പരാതിപെടും. നിഖിൽ കേരള സർവ്വകലാശാലയിൽ 3 വർഷവും ഇവിടെ പഠിച്ചതായും പരീക്ഷ എഴുതിയതായും പരീക്ഷാ കൺട്രോളർ അറിയിച്ചിട്ടിണ്ടെന്നും വിസി പറഞ്ഞു.
അതേസമയം നിഖിൽ തോമസ് കലിംഗ സർവ്വകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് രജിസ്ട്രാർ സഞ്ജീവ് ഗാന്ധി അറിയിച്ചു. നിഖിലിനെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.