ആലപ്പുഴ > വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ എംകോം വിദ്യാർഥി നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തതായി കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പൽ. വിഷയം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വിഷയത്തില് കോളജിന് പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്ത്തകള് ശ്രദ്ധയില്പ്പെട്ടപ്പോള് ഇന്നലെ രാത്രി എട്ട് മണിക്ക് കോളേജിലെ വിവിധ ഡിപ്പാര്ട്ട്മെന്റ് മേധാവികളുമായി ഓണ്ലൈന് മീറ്റിംഗ് നടത്തി. യോഗത്തിന് ശേഷം ആഭ്യന്തര അന്വേഷണത്തിനായി ഒരു അഞ്ചംഗ സമിതിയെ രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്നടപടികള് സ്വീകരിക്കുയെന്ന് പ്രിന്സിപ്പല് മാധ്യമങ്ങളോട് പറഞ്ഞു
കേരളാ യൂണിവേഴ്സിറ്റിയെയോ കോളേജിനെയോ തകര്ക്കുന്ന രീതിയിലുള്ള ഒരു നിലപാടിലേയ്ക്കും ഇവിടുത്തെ അധ്യാപകര് പോകില്ല. വിഷയത്തിന്റെ സത്യാവസ്ഥ മനസിലാക്കുന്നതിന് വേണ്ടിയും എന്തൊക്കെ കാര്യങ്ങള് ചെയ്യണം എന്നത് സംബന്ധിച്ചും കേരള യൂണിവേഴ്സിറ്റിക്ക് ഒരു കത്ത് കൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ഡോ. മുഹമ്മദ് താഹ പറഞ്ഞു.
അഡ്മിഷൻ ഏജന്റുമാരായി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു. നിഖിൽ ഈ മാഫിയയിൽ ഉൾപ്പെട്ടോ എന്ന് പരിശോധിക്കണം. കലിംഗ സർവകലാശാലയെ വിദേശത്ത് പലയിടത്തും നിരോധിച്ചിട്ടുണ്ട്. ഇത്തരം സർവകലാശാലകളെക്കുറിച്ച് അന്വേഷിക്കണം. നിഖിലിന് എസ്എഫ്ഐ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ആർഷോ പറഞ്ഞു. നിഖിൽ തോമസിനെ എസ്എഫ്ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് നീക്കിയിരുന്നു.