തൃശൂർ
മനുഷ്യന്റെ മൗലിക അവകാശങ്ങളെ ഇല്ലാതാക്കാനും സ്വതന്ത്രമായി സംസാരിക്കാനും എഴുതാനും കഴിയാത്ത അപകടകരമായ സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് ജസ്റ്റിസ് കെ ചന്ദ്രു. ബഹുസ്വരതയെ ഇല്ലാതാക്കി ഒരു രാജ്യം, ഒരു ഭാഷ, ഒരു പാർടി, ഒരു തെരഞ്ഞെടുപ്പ് എന്നനിലയിൽ അടിയന്തരാവസ്ഥയുടെ മറ്റൊരു രീതിയാണ് ഭരണക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ‘ജനാധിപത്യം, ആവിഷ്കാര സ്വാതന്ത്ര്യം, ബഹുസ്വരത’ എന്ന വിഷയത്തിൽ തൃശൂർ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച ബഹുജന പ്രതിരോധ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കെ ചന്ദ്രു. രാജ്യത്തെ ഓരോ പൗരനും സ്വന്തം കാര്യം നോക്കിയിരുന്നാൽ മതിയെന്ന സന്ദേശമാണ് ഭരണാധികാരികൾ നൽകുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് പടർന്നു പിടിച്ചുകഴിഞ്ഞു.
ജാർഖണ്ഡിൽ ആത്മഹത്യയിലേയ്ക്ക് നീങ്ങിയിരുന്ന കർഷകരോട്, ഈ ഭൂമിയും വെള്ളവും നിങ്ങളുടേതാണ്. ആരും ആത്മഹത്യ ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ ഫാദർ സ്റ്റാൻ സ്വാമിയെ ജയിലിലടച്ചു. പിന്നീട് ജയിലിൽ കിടന്നുതന്നെ അദ്ദേഹം മരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടനാളുകളിലും തുടർ സമരങ്ങളിലും മുഴുവൻ രാഷ്ട്രീയ പാർടി പ്രവർത്തകരും ഉയർത്തിയ ഇൻക്വിലാബ് സിന്ദാബാദ് വിളികൾ ഇനി പാടില്ലെന്നുവരെ ഒരു ഹൈക്കോടതി ജഡ്ജി പറഞ്ഞുവച്ചു. കർണാടകത്തിൽ ഹിജാബ് നിരോധനത്തിന്റെ പേരിൽ 2000 കുട്ടികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനായില്ല. കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്ന ഈ വിഷയം ഒരു മാധ്യമവും തുറന്നു കാട്ടിയില്ല. വർഗീയ ചേരിതിരിവിനുള്ള സംഘപരിവാറിന്റെ ഈ നീക്കത്തിന് തെരഞ്ഞെടുപ്പിൽ അവർക്ക് തിരിച്ചടി ലഭിച്ചു. രാജ്യത്തെ അപകടകരമായ സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ് മറ്റു സംസ്ഥാനക്കാരും വർഗീയവാദികളെ അധികാര സ്ഥാനങ്ങളിൽനിന്ന് ഇറക്കിവിടണമെന്നും ചന്ദ്രു പറഞ്ഞു.
കെ എ മോഹൻദാസ് അധ്യക്ഷനായി. തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ, സാറാ ജോസഫ്, എൻ മാധവൻകുട്ടി, പ്രമോദ് രാമൻ, അശോകൻ ചരുവിൽ, പി കെ വേണുഗോപാലൻ, ജോബ് മഠത്തിൽ, ടി ആർ രമേഷ്, ഇ ഡി ഡേവിസ്, പി സി ഉണ്ണിച്ചെക്കൻ എന്നിവർ സംസാരിച്ചു.