തിരുവനന്തപുരം
സമൂഹമാധ്യമങ്ങളിലെ വാർത്തയ്ക്ക് കമന്റ് ചെയ്തയാൾക്കെതിരെ കേസെടുത്തത് ഉമ്മൻചാണ്ടി സർക്കാർ, ആഘോഷിച്ചത് മനോരമയും. കൊച്ചി മേയറായിരുന്ന ടോണി ചമ്മണിയുടെ വിദേശയാത്ര സംബന്ധിച്ച് ഓൺലൈൻ മാധ്യമത്തിൽവന്ന വാർത്തയ്ക്ക് കമന്റ് ചെയ്ത നിരക്ഷരൻ പേജ് ഉടമ മനോജ് രവീന്ദ്രനെതിരെയാണ് കേസെടുത്തത്. ഓൺലൈൻ മാധ്യമ ഉടമയെയും ലേഖകനെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു.
മാലിന്യസംസ്കരണം പഠിക്കാൻ ടോണി ചമ്മണി 12 വിദേശയാത്ര നടത്തിയെന്നായിരുന്നു വാർത്ത. 2014 ജൂൺ ഒന്നിനാണ് ഫെയ്സ്ബുക്കിൽ വാർത്ത പോസ്റ്റ് ചെയ്തത്. ഇത് കണ്ടപ്പോൾ താഴെ ‘മാലിന്യ സംസ്കരണം പഠിക്കാനെന്തിനാണ് വിദേശത്തുപോകുന്നത്, ചപ്പാറ മാലിന്യസംസ്കരണ പ്ലാന്റ് കണ്ടു പഠിക്കാൻ കൊടുങ്ങല്ലൂരുവരെ പോയാൽ പോരേ’ എന്ന കമന്റിട്ടതിനാണ് മനോജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. തന്നെ അപകീർത്തിപ്പെടുത്തിയെന്ന മേയറുടെ പരാതിയിലായിരുന്നു നടപടി. മേയറെ പിന്തുണച്ചാണ് മനോരമ വാർത്തകൾ നൽകിയിരുന്നത്.
ഉമ്മൻചാണ്ടിയുടെ കാലത്ത് മാധ്യമ പ്രവർത്തകർക്കെതിരെ ഒരു കേസുമെടുത്തിട്ടില്ലെന്ന് തട്ടിവിടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇത്തരം നിരവധി സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം മോഹൻദാസിനെതിരെ കേസെടുത്തതും ഉമ്മൻചാണ്ടിയുടെ കാലത്താണ്.