കൊച്ചി
മോൻസണിനെ ജീവിതകാലം മുഴുവൻ അഴിക്കുള്ളിലാക്കിയതിനുപിന്നിൽ പ്രോസിക്യൂഷന്റെ നിതാന്ത ജാഗ്രതയോടെയുള്ള ഇടപെടൽ. പ്രമുഖനായ സുപ്രീംകോടതി അഭിഭാഷകനെയടക്കം മോൻസൺ ഇറക്കിയെങ്കിലും ലക്ഷ്യംകണ്ടില്ല. ജാമ്യംപോലും നേടാൻ കഴിയാത്തവിധം ശക്തമായിരുന്നു പ്രോസിക്യൂഷൻ നീക്കങ്ങൾ. വിചാരണക്കോടതി മൂന്നുതവണയും ഹൈക്കോടതി രണ്ടുതവണയും മോൻസണിന്റെ ജാമ്യഹർജി തള്ളി. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുമെന്ന ഘട്ടത്തിൽ പിൻവലിച്ചു.
വിചാരണയുടെ അവസാനഘട്ടത്തിൽ പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് വിളിച്ചുവരുത്താൻ പ്രോസിക്യൂഷൻ ഹർജി നൽകി. കോടതി ഇതനുവദിച്ചു. ഇതിനെതിരെ മോൻസൺ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തപ്പോൾ ഒരുമാസത്തോളം കേസ് സ്റ്റേ ചെയ്തു. എന്നാൽ, ഹൈക്കോടതി പ്രോസിക്യൂഷന് അനുകൂലമായി വിധിപറഞ്ഞു. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും ഹാജരാക്കി. പ്രതിഭാഗം ഒരു സാക്ഷിയെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷൻ വിസ്തരിച്ച സാക്ഷികളിൽ മോൻസണിന്റെ ജോലിക്കാരൻ സുബ്റു മാത്രമാണ് പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയത്.
സത്യം ജയിച്ചെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു പ്രതികരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ സത്യാവസ്ഥ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും അവർ പറഞ്ഞു