കൊച്ചി
പുരാവസ്തു തട്ടിപ്പ് കേസിൽനിന്ന് കെപിസിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ എബിൻ എബ്രഹാം പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും കോഴിക്കോട് സ്വദേശി എം ടി ഷെമീറിനെയും എബിൻ എബ്രഹാം കണ്ടതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വൈറ്റില എമറാൾഡ് ഹോട്ടലിൽ 2021 നവംബർ മൂന്നിനായിരുന്നു കൂടിക്കാഴ്ച. ഷെമീറിനെ പലതവണ വാട്സാപ്പിൽ വിളിച്ചാണ് കൂടിക്കാഴ്ചയ്ക്ക് തീയതി തീരുമാനിച്ചത്. ഹോട്ടൽ ലോബിയിലെ കൂടിക്കാഴ്ചയിൽ പണം ഉൾപ്പെടെ എന്തും നൽകാമെന്നായിരുന്നു വാഗ്ദാനം. ഷെമീറിന് ലക്ഷദ്വീപിൽ നിർമാണപ്രവൃത്തികൾ തരപ്പെടുത്തി നൽകാമെന്നും പറഞ്ഞു. എന്നാൽ, അനൂപും ഷെമീറും വാഗ്ദാനം നിരസിച്ചു. പുരാവസ്തു തട്ടിപ്പ് കേസിലെ നിർണായക സാക്ഷി ഡ്രൈവർ അജിത്തിനെയും എബിൻ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.