തിരുവനന്തപുരം
സംസ്ഥാനത്തെ പൊലീസ് സേനയുടെ കരുത്ത് കൂട്ടാൻ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് 1884 പേർ കൂടി. ഏഴ് ബറ്റാലിയനിലായി 1624 പുരുഷൻമാർക്കും 260 വനിതകൾക്കുമാണ് നിയമനശുപാർശ അയച്ചത്.
കൂടുതൽ പേർക്ക് നിയമനം നൽകിയത് മലപ്പുറം എംഎസ്പിയിലാണ്-, 373. ഇതോടെ ഈ മാസംവരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലെല്ലാം നിയമനശുപാർശ അയച്ചതായി പിഎസ്സി അധികൃതർ അറിയിച്ചു. സാമ്പത്തികപ്രതിസന്ധി കാരണം സിപിഒ നിയമനം നടക്കുന്നില്ലെന്ന തരത്തിൽ ചില മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തിയിരുന്നു. സിപിഒ തസ്തികയുടെ 13,975 പേരുള്ള റാങ്ക് പട്ടിക മാർച്ചിലാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 3035 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു വർഷമാണ് കാലാവധി.